
‘പിഞ്ചു കുഞ്ഞിനെ കൊന്നു കളഞ്ഞ അമ്മ’; ദിവ്യാജോണി മടങ്ങി പരാതിയില്ലാ ലോകത്തേക്ക്
പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന മെഡിക്കൽ അവസ്ഥയെക്കുറിച്ച് മലയാളി സമൂഹത്തില്‍ ഏറെ ചർച്ചക്ക് കാരണമായ ദിവ്യ ജോണി അന്തരിച്ചു. ആറുമാസം ഗർഭിണിയായിരുന്നു. ആത്മഹത്യാശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇവർ കണ്ണൂരിൽ ഭർതൃഗൃഹത്തിൽ ഹൃദയസ്തംഭനത്തെ തുടർന്നാണ് മരിച്ചത്.
മൂന്നര മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ക്രൂരയായ അമ്മയെന്ന് വാർത്തകളില്‍ നിറയുകയും പിന്നീട് സ്വന്തം ജീവിതം തുറന്നു പറഞ്ഞപ്പോൾ വലിയ ചർച്ചയിലേക്കും മാറിയ വ്യക്തിയാണ് ദിവ്യ. പ്രസവാനന്തരം സ്ത്രീകൾ കടന്നുപോവുന്ന പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന മെഡിക്കൽ അവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾക്കും ദിവ്യ നിമിത്തമായി. ഇപ്പോൾ പരാതികളും കുറ്റപ്പെടുത്തലുകളുമില്ലാത്ത ലോകത്തേക്കു വിട വാങ്ങിയിരിക്കുകയാണ് ഈ കുണ്ടറ കാഞ്ഞിരംകോട് സ്വദേശി, അതും കാത്തിരുന്ന ജോലി കൈപ്പിലാകും മുമ്പേ.
ആത്മഹത്യാശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇവർ കണ്ണൂരിൽ ഭർതൃഗൃഹത്തിൽ ഹൃദയസ്തംഭനത്തെ തുടർന്നാണ് മരിച്ചത്. ആറുമാസം ഗർഭിണിയായിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്ന ദിവ്യ പിഎസ്സി പരീക്ഷയിൽ മികച്ച റാങ്കോടെ മലപ്പുറം ജില്ലയിലെ എൽപി യുപി അധ്യാപക തസ്തികയിൽ നിയമനത്തിന് കാത്തിരിക്കുകയായിരുന്നു. കണ്ണൂർ ജില്ലയിൽ എൽഡിസി അടക്കം നിരവധി തസ്തികയുടെ ലിസ്റ്റിലും ഇവർ ഉൾപ്പെട്ടു. ആറ് തസ്തികയുടെ പരീക്ഷ എഴുതി റിസൾട്ടിനായി കാത്തിരിക്കുകയായിരുന്നു. കേരള സർവകലാശാലയിൽനിന്ന് ഗണിതത്തിൽ മികച്ച റാങ്കോടെ ബിരുദാനന്തര ബിരുദവും ബിഎഡും നേടിയ ഇവർക്ക് 2019ൽ അമ്മ മരിച്ചതോടെയാണ് മാനസ്സിക പ്രശ്നമുണ്ടായത്.
2020ൽ വിവാഹിതയായ ദിവ്യ 2021ൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പ്രസവത്തെ തുടർന്നുണ്ടായ പോസ്റ്റ്‌മോർട്ടം സൈക്കോസിസ് രോഗം ഉന്മാദാവസ്ഥയിലാക്കിയതിനെ തുടർന്ന് നൂലുകെട്ട് ചടങ്ങിന്റെയന്ന് ആത്മഹത്യാശ്രമം നടത്തി. രണ്ടുമാസം കഴിഞ്ഞ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചു. ഉടൻ മാനസ്സിക നില വീണ്ടെടുത്ത് കുഞ്ഞിനെ രക്ഷിച്ചെങ്കിലും തൊട്ടടുത്ത നിമിഷം വീണ്ടും വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി. തുടർന്ന് നിരവധി ചികിത്സയ്ക്ക് വിധേയമായ ഇവർ രണ്ടാം വിവാഹത്തെ തുടർന്ന് ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിനിടയിലാണ് അടുത്തിടെ വീണ്ടും ആത്മഹത്യാശ്രമം നടത്തിയത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത ഇവരെ മരണം കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗം തെളിവ് ഹാജരാക്കുന്നതിന് കേസ് 19ന് പരിഗണിക്കാനിരിക്കെയാണ് മരണം.