
ഡൽഹി ക്യാപിറ്റൽസിനെതിരായ (ഡിസി) 2025 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിനിടെ രാജസ്ഥാൻ റോയൽസിന് (ആർആർ) കനത്ത തിരിച്ചടി. സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളും ചേർന്നുള്ള വെടിക്കെട്ട് ഓപ്പണിങ് കൂട്ടുകെട്ട് അപ്രതീക്ഷിതമായി അവസാനിച്ചു. ഡൽഹി ബൗളർമാർക്ക് ഇരു ബാറ്റർമാരെയും നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടായെങ്കിലും സഞ്ജുവിന് പരിക്കേറ്റ് കളം വിടേണ്ടി വന്നു.
മികച്ച ഫോമിലായിരുന്ന രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ, 19 പന്തിൽ 31 റൺസെടുത്ത് നിൽക്കെയാണ് മത്സരത്തിന്റെ ആറാം ഓവറിൽ കളം വിട്ടത്. ഇന്നിംഗ്‌സിലെ ആദ്യ രണ്ട് പന്തുകൾ ഫോറും സിക്‌സും പറത്തിയ ശേഷം, വിപ്രജ് നിഗത്തിന്റെ ഓഫ് സൈഡിലൂടെയുള്ള പന്ത് കളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആർആർ ക്യാപ്റ്റന് പരിക്കേറ്റത്.

വാരിയെല്ലിന് പരിക്കേറ്റ സാംസൺ കടുത്ത വേദനയിലായിരുന്നു. ഇന്നിംഗ്‌സ് തുടരാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ, ഒരു പന്ത് കൂടി നേരിട്ട ശേഷം അദ്ദേഹം കളം വിടുകയായിരുന്നു.

സഞ്ജു സാംസണ് ബാറ്റിംഗിന് തിരിച്ചെത്താൻ കഴിയുമോ?
രാജസ്ഥാൻ റോയൽസിന് ആശ്വാസം നൽകുന്ന വാർത്ത, സാംസണ് ബാറ്റിംഗിന് തിരിച്ചെത്താൻ കഴിയും എന്നതാണ്. കാരണം, അദ്ദേഹം ‘റിട്ടയേർഡ് ഹർട്ട്’ ആയാണ് കളം വിട്ടത്, ‘റിട്ടയേർഡ് ഔട്ട്’ അല്ല. അറിയാത്തവർക്കായി, ഈ സീസണിൽ നേരത്തെ തിലക് വർമ്മ (എൽഎസ്ജിക്കെതിരെ), ഡെവോൺ കോൺവേ (പിബികെസിനെതിരെ) എന്നിവരെപ്പോലെ തന്ത്രപരമായ കാരണങ്ങളാൽ ഒരു ടീം ബാറ്ററെ തിരിച്ചുവിളിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, കളിക്കാരനെ ‘റിട്ടയേർഡ് ഔട്ട്’ ആയി കണക്കാക്കും. അതോടെ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ് അവസാനിക്കുകയും പിന്നീട് ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതിരിക്കുകയും ചെയ്യും.
എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാൽ ഒരു കളിക്കാരൻ കളം വിടുകയാണെങ്കിൽ, അദ്ദേഹത്തെ ‘റിട്ടയേർഡ് ഹർട്ട്’ ആയി പ്രഖ്യാപിക്കും. ഇത് പിന്നീട് ഏതെങ്കിലും വിക്കറ്റ് വീണ ശേഷം ക്രീസിലേക്ക് മടങ്ങാൻ അവസരം നൽകുന്നു.
സാംസൺ മുഴുവൻ 20 ഓവറും ഫീൽഡ് ചെയ്തതിനാൽ, അദ്ദേഹത്തിന് സമയപരിധിയൊന്നുമില്ല, ഇന്നിംഗ്‌സിൽ എപ്പോൾ വേണമെങ്കിലും ബാറ്റ് ചെയ്യാൻ ഇറങ്ങാം. 189 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ആർആറിന് വേണ്ടി ജയ്‌സ്വാളും സാംസണും ചേർന്ന ഓപ്പണിങ് സഖ്യം 33 പന്തിൽ 61 റൺസ് കൂട്ടിച്ചേർത്തിരുന്നു.