News

പണം വാരിയെറിഞ്ഞ് കെ.എൻ. ബാലഗോപാൽ; നാലാം വാർഷികത്തിന് മുഖ്യമന്ത്രിയുടെ വമ്പൻ കട്ടൗട്ട്! അനുവദിച്ചത് 25.91 കോടി

കടബാധ്യത 6 ലക്ഷം കോടിയിലേക്ക് കുതിക്കുമ്പോഴും ധൂർത്ത് കുറയ്ക്കാതെ സർക്കാർ. സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തിൻ്റെ പ്രചരണത്തിനായി കോടികൾ ഒഴുകി തുടങ്ങി. 25, 91 , 50,000 രൂപ പ്രചരണ പ്രവർത്തനങ്ങൾക്കായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ചു.

ധനമന്ത്രിയുടെ അനുമതി കിട്ടിയതിന് പിന്നാലെ പി.ആർ ഡിയിൽ നിന്നും ഇത് സംബന്ധിച്ച ഉത്തരവ് ഏപ്രിൽ 9 ന് ഇറങ്ങി. സംസ്ഥാനത്തിൻ്റെ പ്രധാന സ്പോട്ടുകളിൽ മുഖ്യമന്ത്രിയുടെ പുഞ്ചിരിക്കുന്ന ചിത്രത്തിൻ്റെ വലിയ കട്ടൗട്ട് ഉയരും. 25.91 കോടിയിൽ മുഖ്യമന്ത്രിയുടെ ഹോർഡിംഗിനായി മാത്രം ചെലവഴിക്കുന്നത് 15, 63,50,000 രൂപയാണ്.

232 രൂപയുടെ ദിവസവേതനം ഉയർത്താൻ ആശ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങിയിട്ട് 2 മാസം കഴിഞ്ഞു. സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി മൂലം തുക ഉയർത്താൻ കഴിയില്ല എന്ന നിലപാടാണ് ബാലഗോപാൽ അടക്കം സ്വികരിച്ചത്. അതേ ബാലഗോപാലാണ് മുഖ്യമന്ത്രിയുടെ ഹോർഡിംഗിന് അടക്കം 25.91 കോടി അനുവദിച്ചിരിക്കുന്നത്. പി.ആർ.ഡിക്ക് അനുവദിച്ച തുക തീരുന്ന മുറക്ക് അധിക ഫണ്ട് ധനവകുപ്പ് വീണ്ടും അനുവദിക്കും.

ചെലവുകൾ ഇങ്ങനെ;
1.ഹോർഡിംഗ്സുകൾ – 15.63 കോടി
2.ഹോർഡിംഗുകളുടെ ഡിസൈൻ ചാർജ് – 10 ലക്ഷം
3.നിലവിലുള്ള 35 ഹോർഡിംഗുകളുടെ മെയിൻ്റനൻസ് – 58 ലക്ഷം
4.എൽ ഇ ഡി ഡിജിറ്റൽ വാൾ -3.30 കോടി
5.റയിൽവേ ജിംഗിൾസ്, KSRTC ബസ് പരസ്യങ്ങൾ – 1 കോടി
6.14 ജില്ലകളിലെ തീം ഏരിയ – 1.96 കോടി
7.ജില്ലാ തല യോഗങ്ങൾ – 42 ലക്ഷം
8.കലാ സാംസ്കാരിക പരിപാടികൾ – 2.10 കോടി
9.ഭക്ഷണം, താമസം, വാഹന വാടക – 42 ലക്ഷം
10.ഉദ്ഘാടന സമാപന ചടങ്ങുകൾ – 30 ലക്ഷം