News

‘പിണറായിക്ക് പാദസേവ ചെയ്യുന്ന ചില IASകാരുണ്ട്, ആ കൂട്ടത്തിലെ മഹതിയാണ് ദിവ്യ എസ് അയ്യർ’

മുഖ്യമന്ത്രിക്ക് പാദസേവ ചെയ്യുന്ന ചില സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് ദിവ്യ എസ് അയ്യർ എന്ന് കെ.മുരളീധരൻ. സോപ്പിട്ടോളൂ.. വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ പണികിട്ടുമെന്ന മുന്നറിയിപ്പും കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവില്‍ നിന്നുണ്ടായി.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത കെ.കെ രാഗേഷിനെ പുകഴ്ത്തി പോസ്റ്റ് ഇട്ട സംഭവത്തിലാണ് ദിവ്യ എസ്. അയ്യർക്കെതിരെ വിമർശനം ഉയരുന്നത്. എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തയ്യാറായില്ല. നോ കമൻ്റ്സ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കർണ്ണന് പോലും അസൂയ തോന്നുന്ന കെ.കെ.ആര്‍ കവചം എന്നാണ് രാകേഷിനെ ദിവ്യ പുകഴ്ത്തിയത്. രക്തസാക്ഷികൾ സിന്ദാബാദിലെ പാട്ടിന്റെ അകമ്പടിയിൽ ചിരിച്ച് നിൽക്കുന്ന മുഖ്യമന്ത്രിയുടെയും കെ കെ രാഗേഷിന്റെയും ഫോട്ടോ. അടിക്കുറിപ്പ് – കർണ്ണന് പോലും അസൂയ തോന്നുവിധം ഈ കെ.കെ.ആർ കവചം. രാഗേഷിനെ കർണനാക്കിയതിന് ദിവ്യയുടെ വക വിശദീകരണവും പിന്നാലെയുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ അദ്ദേഹത്തിന്റെ ഔദോഗിക ജീവിതത്തിൽ നിന്ന് ഒപ്പിയെടുക്കാൻ സാധിച്ച ഒട്ടേറെ ഗുണങ്ങളുണ്ട്. വിശ്വസ്തതയുടെ പാഠപുസ്തകം, കഠിനാധ്വാനത്തിന്റെ മഷിക്കൂട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയിൽ നിന്ന് സി.പി.എം ജില്ലാ സെക്രട്ടറിയായി മാറിയ രാഗേഷിനെ പുകഴ്ത്തിയ ആദ്യ ഉദ്യോഗസ്ഥയും ഒരു പക്ഷെ വിഴിഞ്ഞം തുറമുഖ എം.ഡിയായ ദിവ്യയാവാം.

കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ എസ് ശബരീനാഥന്റെ കുടുംബത്തിൽ നിന്നുണ്ടായ പുകഴ്ത്തൽ സി.പി.എം സമൂഹ മാധ്യമങ്ങളിൽ ആയുധമാക്കിയതോടെ യൂത്ത് കോൺഗ്രസ് വിമർശിച്ചെത്തി. ദിവ്യ ശമ്പളം വാങ്ങുന്നത് എ.കെ.ജി സെന്ററില്‍ നിന്നല്ലന്ന് ഓർക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രതികരിച്ചു. സിപിഎമ്മുകാരുടെ വിദൂഷകയായി ദിവ്യ മാറിയെന്നും പദവിക്ക് ചേരുന്നതല്ലന്നും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിമർശിച്ചു. ദിവ്യക്കെതിരെ രേഖാമൂലം പരാതിയുയരാനും സാധ്യതയുണ്ട്.

വിമർശനത്തോടെ പിന്തിരിയാൻ തയാറല്ലെന്ന് വ്യക്തമാക്കിയ ദിവ്യ വിശദീകരണമായി വീണ്ടും വിഡിയൊ പോസ്റ്റ് ചെയ്തു. നൻമയെ കുറിച്ച് പറയുന്നതിനെ വിമർശിക്കുന്നത് എത്ര വിചിത്രമായ ലോകമെന്നും ദിവ്യ തിരിച്ചടിച്ചു.