News

വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പത്തിന് നീതി കിട്ടില്ല: കിരൺ റിജിജു

വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പത്തിന് നീതി ലഭിക്കില്ലെന്ന് സൂചന നൽകി കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജു. കോടതിയിൽ നിയമ പോരാട്ടം തുടരുന്ന വേളയിൽ ഭേദഗതി മുനമ്പം ജനതക്ക് നീതി ലഭിക്കാൻ ഇടയാക്കും. ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യം ഇല്ല. സെറ്റിൽ ചെയ്ത കേസുകൾ സെറ്റിൽ ചെയ്തതാണ്. മുനമ്പം കേസ് സെറ്റിൽ ചെയ്തതല്ലാത്തതിനാൽ ഭേദഗതി ഗുണം ചെയ്യുമെന്നും കിരൺ റിജിജു പ്രതികരിച്ചു. ചർച്ച് ബിൽ നടപ്പിലാക്കുള്ള നിർദേശങ്ങൾ സർക്കാരിന് മുന്നിലില്ലെന്നും റിജിജു പ്രതികരിച്ചു.

ബിജെപി സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യാൻ മുനമ്പത്തെത്തി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മുനമ്പം വിഷയത്തില്‍ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം കോൺഗ്രസും സിപിഐഎമ്മും ശക്തമായി തുടരുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം.

അതേസമയം, കേന്ദ്രമന്ത്രി കിരൺ റിജിജുവിൻ്റെ വാക്കുകൾ കേട്ട് ഞെട്ടിപ്പോയെന്ന് മുനമ്പം സമരസമിതി കൺവീനർ ജോസഫ് ബെന്നി പ്രതികരിച്ചു. ഭേദഗതിയിലൂടെ ശാശ്വത പരിഹാരം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എവിടെ നിന്നാണ് ഞങ്ങൾക്ക് നീതി ലഭിക്കുന്നതെന്നും എത്ര നാൾ നിയമപോരാട്ടം നടത്തണമെന്നും ജോസഫ് ബെന്നി ചോദിച്ചു.