
ക്ഷാമബത്ത: കർണാടക കൊടുക്കുമ്പോള്‍ കേരളം പിടിച്ചുവെക്കുന്നു; സംസ്ഥാനത്ത് ജീവനക്കാർക്ക് കിട്ടുന്നത് 2021 ലെ ക്ഷാമബത്ത
വിലക്കയറ്റം കുതിച്ചുയരുമ്പോള്‍ കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നത് 2021 ലെ ക്ഷാമബത്ത. 2021 ജൂലൈ പ്രാബല്യത്തിലെ മൂന്ന് ശതമാനം ക്ഷാമബത്തയാണ് ഏറ്റവും ഒടുവില്‍ ജീവനക്കാർക്ക് ശമ്പളത്തോടൊപ്പം ലഭിക്കുന്നത്. പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക നല്‍കാത്ത രാജ്യത്തെ ഏകധനമന്ത്രി കെ.എൻ. ബാലഗോപാലാണ്. നിലവില്‍ ഏഴ് ഗഡു ക്ഷാമബത്ത കേരളത്തില്‍ കുടിശികയാണ്. 21ശതമാനമാണ് കുടിശിക. മെയ് മാസം വാങ്ങിക്കുന്ന ശമ്പളത്തില്‍ മൂന്ന് ശതമാനം ക്ഷാമബത്ത ബാലഗോപാല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കുടിശിക ആറ് ഗഡുക്കളായി കുറയും.
അയല്‍ സംസ്ഥാനമായ കർണാടകയില്‍ ക്ഷാമബത്തയും ക്ഷാമആശ്വാസവും കൃത്യമായി നല്‍കാൻ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശ്രമിക്കുന്നുണ്ട്. 2024 ജൂലൈ പ്രാബല്യത്തിലെ ക്ഷാമബത്തയും കർണാകയില്‍ നല്‍കി കഴിഞ്ഞു. ഏറ്റവും ഒടുവില്‍ ജനുവരി പ്രാബല്യത്തില്‍ കേന്ദ്രം പ്രഖ്യാപിച്ച ക്ഷാമബത്തയും കർണാടകയില്‍ ഉടൻ പ്രഖ്യാപിക്കും. ധനകാര്യം കൈകാര്യം ചെയ്യുന്ന അപൂർവ്വം മുഖ്യമന്ത്രിമാരില്‍ ഒരാളാണ് സിദ്ധരാമയ്യ.
കൃത്യമായി ക്ഷാമബത്ത കൊടുക്കുന്നതുകൊണ്ട് തന്നെ സമ്പദ് വ്യവസ്ഥ കർണാകയില്‍ ചലനാത്മകമാണ്. പണംപണത്തെ പ്രസവിക്കുന്നു എന്ന സാമ്പത്തിക തത്വം കൃത്യമായി മനസ്സിലാക്കിയ ആളാണ് സിദ്ധരാമയ്യ. വർഷത്തില്‍ രണ്ട് പ്രാവശ്യം ക്ഷാമബത്ത വർധിക്കുന്ന അവസ്ഥയും ജീവനക്കാർ അവർക്ക് കിട്ടുന്ന പണം നിർമാണ പ്രവർത്തനങ്ങള്‍ക്കും കമ്പോളങ്ങളിലും വിനിയോഗിക്കുന്നു. ഇത് നിർമാണ മേഖലയെയും സേവന മേഖലയെയും സർവീസ് മേഖലയെയും ചലിപ്പിക്കുകയും ചെയ്യും.
കേരളത്തില്‍ ധനകാര്യ മന്ത്രിയായിരുന്ന ഉമ്മൻചാണ്ടി, കെ.എം. മാണി, തോമസ് ഐസക്ക് എന്നിവർ ക്ഷാമബത്ത കൃത്യമായി കൊടുക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിയവരായിരുന്നു. ധനകാര്യമന്ത്രിയായി അഞ്ചാം വർഷത്തിലെത്തിയെങ്കിലും കെ.എൻ. ബാലഗോപാലിന് ഇപ്പോഴും ഇതിന്റെ സാമ്പത്തിക പ്രാധാന്യം മനസ്സിലായിട്ടില്ല. കേരളത്തില്‍ ക്ഷാമബത്ത കുടിശിക ഉയരുന്നതിന്റെ കാരണവും മറ്റൊന്നല്ല. ജീവനക്കാർക്കും പെൻഷൻകാർക്കും ബാലഗോപാലിന്റെ ക്ഷാമബത്ത കൊടുക്കാത്ത നയംമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. അതുവഴി നിർമാണ മേഖലക്കും കനത്ത നഷ്ടങ്ങളുണ്ടായി.
വിലക്കയറ്റം മൂലം സാധാരണ ജനങ്ങളുടെ ജീവിതച്ചെലവിൽ ഉണ്ടാകുന്ന വർദ്ധനവ് നികത്തുന്നതിനായി സർക്കാർ അതിന്റെ ജീവനക്കാർക്കും പെൻഷൻകാർക്കും അടിസ്ഥാന ശമ്പളത്തിനോ അടിസ്ഥാന പെൻഷനോ പുറമെ നൽകുന്ന ഒരു തുകയാണ് ക്ഷാമബത്ത. ഇതൊരു ജീവിതച്ചെലവ് ക്രമീകരണ അലവൻസ് (Cost of Living Adjustment Allowance) ആണ്. പണപ്പെരുപ്പം കാരണം പണത്തിന്റെ മൂല്യത്തിലുണ്ടാകുന്ന കുറവ് പരിഗണിച്ച്, ജീവനക്കാരുടെയും പെൻഷൻകാരുടെയും യഥാർത്ഥ വരുമാനം (വാങ്ങൽ ശേഷി) കുറയാതെ നിലനിർത്തുക എന്നതാണ് ക്ഷാമബത്തയുടെ പ്രധാന ഉദ്ദേശ്യം.
സാധാരണയായി, ഉപഭോക്തൃ വില സൂചികയിലെ (Consumer Price Index – CPI) മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത കണക്കാക്കുന്നത്. ഇന്ത്യയിൽ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നിർണ്ണയിക്കുന്നതിന് പ്രധാനമായും പരിഗണിക്കുന്നത് അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയുടെ (AICPI-IW – All India Consumer Price Index for Industrial Workers) കണക്കുകളാണ്. കേന്ദ്ര സർക്കാർ സാധാരണയായി വർഷത്തിൽ രണ്ടുതവണ, അതായത് ജനുവരി 1 മുതൽ ജൂൺ 30 വരെയും, ജൂലൈ 1 മുതൽ ഡിസംബർ 31 വരെയും പ്രാബല്യത്തിൽ വരുന്ന തരത്തിൽ, ക്ഷാമബത്ത നിരക്കുകൾ പരിഷ്കരിക്കാറുണ്ട്.
സംസ്ഥാന സർക്കാരുകൾ പലപ്പോഴും കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന ക്ഷാമബത്ത വർദ്ധനവ് അതേപടി പിന്തുടരുകയാണ് പതിവ്. എന്നാൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും മറ്റ് ഘടകങ്ങളും പരിഗണിച്ച്, ക്ഷാമബത്ത പ്രഖ്യാപിക്കുന്നതിലും അത് വിതരണം ചെയ്യുന്നതിലും കാലതാമസങ്ങളോ വ്യത്യാസങ്ങളോ ഉണ്ടാകാം. പെൻഷൻകാർക്ക് നൽകുന്ന സമാനമായ ആനുകൂല്യത്തെ ക്ഷാമാശ്വാസം (Dearness Relief – DR) എന്നാണ് പറയുന്നത്