CricketIPLSports

സഞ്ജുവിന് നിരാശ! രാജസ്ഥാൻ ബോളിംഗിനെ തകർത്ത് ബെംഗളൂരു | IPL 2025 RCB Vs RR

ഇന്ത്യൻ പ്രീമിയർ ലീഗ് 2025ല്‍ ഇന്ന് നടന്ന മത്സരത്തില്‍ നാലാം വിജയം കരസ്ഥമാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഒമ്പത് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസിനെ തകർത്തത്. രാജസ്ഥാൻ ഉയർത്തിയ 174 റൺസെന്ന വിജയലക്ഷ്യം ആർസിബി 17.3 ഓവറിൽ അനായാസമായി മറികടന്നു. ഓപണിംഗ് ഇറങ്ങിയ ഫിൾ സാൾട്ടിന്റെയും വിരാട് കോഹ്ലിയുടെയും അർധ സെഞ്ച്വറികളാണ് ആർസിബിയുടെ വിജയം വേഗത്തിലാക്കിയത്. 33 പന്തിൽ നിന്ന് ആറ് സിക്‌സും അഞ്ച് ഫോറുമടക്കം 65 റൺസെടുത്ത സാൾട്ടാണ് ടോപ് സ്‌കോറർ. 45 പന്തുകൾ നേരിട്ട കോലി രണ്ട് സിക്‌സും നാല് ഫോറുമടക്കം 62 റൺസോടെ പുറത്താകാതെ നിന്നു

സാള്‍ട്ട് – കോലി സഖ്യം 92 റണ്‍സടിച്ചപ്പോള്‍ തന്നെ ആര്‍സിബി മത്സരത്തില്‍ വിജയം ഉറപ്പിച്ചിരുന്നു. സാള്‍ട്ട് പുറത്തായ ശേഷമെത്തിയ ദേവ്ദത്ത് പടിക്കലിനൊപ്പം രണ്ടാം വിക്കറ്റില്‍ 83 റണ്‍സ് ചേര്‍ത്ത കോലി ടീമിന് വിജയം സമ്മാനിച്ചു. 28 പന്തുകള്‍ നേരിട്ട ദേവ്ദത്ത് 40 റണ്‍സോടെ പുറത്താകാതെ നിന്നു. ഒരു സിക്‌സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസ് 20 ഓവറുകൾ പൂർത്തിയാകുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസുകൾ നേടി. അർധസെഞ്ച്വറി തികച്ച യശ്വസി ജെയ്‌സ്വാളാണ് രാജ്സ്ഥാന്റെ ടോപ്പ് സ്‌കോറർ. വിക്കറ്റ് നഷ്ടമൊന്നുമില്ലാതെ പവർ പ്ലേയിലെ ആറ് ഓവറുകളും പൂർത്തിയാക്കിയെങ്കിലും മികച്ച റൺറേറ്റ് കാത്തുസൂക്ഷിക്കാൻ കഴിയാതിരുന്നത് രാജസ്ഥാന്റെ മികച്ച ടോട്ടലിലേക്ക് എത്തുന്നതിന് ആദ്യമേ തടസ്സമായി. ക്യാപ്റ്റൻ സഞ്ജുസാംസൺ 19 പന്തുകൾ നേരിട്ടെങ്കിലും വെറും 15 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. പവർപ്ലേയിൽ മുഴുവൻ ബാറ്റ് ചെയ്ത സഞ്ജുനേടിയത് വെറും ഒരു ബൗണ്ടറി മാത്രമായിരുന്നു.

സഞ്ജുവിന്റെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ ഇന്നിംഗ്‌സുകളിൽ ഒന്നായിരിക്കും ഇന്നത്തേത്. മധ്യനിരയിൽ റയാൻ പരാഗ് 22 പന്തുകളിൽ 30 റൺസും ധ്രൂവ് ജുറൈൽ 23 പന്തുകളിൽ 35 റൺസും രാജസ്ഥാന് സംഭാവന ചെയ്തു. പക്ഷേ, തികച്ചും ബെംഗളൂരുവിനെ വെല്ലുവിളിക്കാൻ അപര്യാപ്തമായ ഒരു സ്‌കോറായിരുന്നു ഇത്.

മികച്ച ഇക്കണോമിയിൽ പന്തെറിഞ്ഞ ബെംഗളൂരു ബോളർമാർ രാജസ്ഥാനെ ഉയർന്ന ടോട്ടൽ നേടുന്നതിൽ നിന്നും അകറ്റി. ഭുവനേശ്വർകുമാർ, യാഷ്ദയാൽ, ജോഷ് ഹെയ്‌സൽവുഡ്, ക്രുണാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റുവീതം വീഴ്ത്തി. ഫീൽഡിംഗിൽ വന്ന കുറച്ചുപിഴവുകൾ മാറ്റിനിർത്തിയാൽ നല്ലൊരു പ്രകടനമാണ് ബെംഗളൂരു രാജസ്ഥാനെതിരെ കാഴ്ച്ചവെച്ചത്.