
ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റൻ രജത് പടിദാർ ബോളിംഗ് തെരഞ്ഞെടുത്തു. രണ്ടാം ഇന്നിംഗ്‌സിൽ വിക്കറ്റിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ലഭിക്കും എന്ന കാരണത്താലാണ് ആദ്യം ബോളിങ് ചെയ്യുന്നതെന്ന് ക്യാപ്റ്റൻ പറഞ്ഞു. പ്രകൃതി സംരക്ഷണത്തിന് വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തി കാട്ടി ക്യാമ്പയിനിങിന്റെ ഭാഗമായി പച്ചനിറത്തിലുള്ള ജേഴ്‌സിയിലാണ് ബെംഗളൂരു കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ആർ.സി.ബി നിലനിർത്തിയിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ ഈ വേദിയിൽ നടന്ന അഞ്ച് മത്സരങ്ങളിൽ നാലിലും വിജയിച്ചതും ഗ്രൗണ്ടിലെ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ഒരുധാരണ ടീം അംഗങ്ങൾക്കുള്ളതും ഹോം ഗ്രൗണ്ട് ആരാധകരുടെ സപ്പോർട്ടും ടീമിന് മികച്ച ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് സഞ്ജു സാംസൺ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ഫറൂഖിക്ക് പകരം വാനിന്ദു ഹസരങ്ക പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. ടീമിന്റെ പ്രകടനത്തിൽ ഉയർച്ച താഴ്ച്ചകളുണ്ടാകുന്നത് സ്വാഭാവികമാണ്. ഞങ്ങളിപ്പോൾ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സഞ്ജു കൂട്ടിച്ചേർത്തു.
ആദ്യത്തെ ഹോം മൽസരങ്ങൾ ഗുവാഹത്തിയിൽ പൂർത്തിയാക്കിയ രാജസ്ഥാന്റെ ഹോം മൻസരങ്ങൾ ഇനി നടക്കുന്നത് ജയ്പൂരിലാണ്. സ്ഥിരതയാർന്ന മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ കഴിയാത്തത് സഞ്ജുവിനും കൂട്ടർക്കും വലിയ തലവേദനയാണ് നൽകുന്നത്.
ഈ സീസണിൽ എവേ മാച്ചുകളിൽ മികച്ച പ്രകടനം റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂർ കാഴ്ചവെക്കുകയാണ്, പത്തുവർഷങ്ങൾക്കു ശേഷം ആദ്യമായി മുബൈ ഇന്ത്യൻസിനെ വാങ്കഡെ സ്റ്റേഡിയത്തിലും, ചെന്നൈ സൂപ്പർ കിംഗ്സിനെ 17 വർഷത്തിനിടെ ആദ്യമായി ചെപ്പോക്കിൽ തോൽപ്പിക്കുകയും ചെയ്തു. ഈഡൻസ് ഗാർഡനിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും തോൽപ്പിച്ചിരുന്നു.
എവേ മൽസരങ്ങളിൽ 39.6 വിക്കറ്റ് ശരാശരിയും റൺറേറ്റ് ഓവറിൽ 10.5 ഉം ആണ് എന്നാൽ ഹോം മൽസരങ്ങളിൽ ഇത് യഥാക്രമം 22.5, 8.3 എന്നീ നിരക്കിൽ കുറയുന്നു.
രാജസ്ഥാൻ ബോളിംഗ് നിരയിൽ ജോഫ്ര ആർച്ചർ ഫോം വീണ്ടെടുത്തിട്ടുണ്ട്. സ്ഥിരതയാർന്ന പ്രകടനം കാഴ്ചപ്പയ്ക്കുന്ന സന്ദീപ് ശർമ്മയ്ക്ക് ഐപിഎല്ലിൽ വിരാട് കോലിക്കെതിരെ മികച്ച റെക്കോർഡാണുള്ളത്, 16 മൽസരങ്ങളിൽ ഏഴു തവണ പുറത്താക്കിയിട്ടുണ്ട്. ഡേവിഡ് വാർണറിനു ശേഷം ട്വന്റി 20യിൽ 100 അർദ്ധ സെഞ്ച്വറികൾ തികയ്ക്കാൻ വിരാട് കോലിക്ക് ഒരു ഫിഫ്റ്റി കൂടി മതി. ഇതു നേടിയാൽ 66 ഐ പി എൽ അർധസെഞ്ചുറികൾ എന്ന വാർണറുടെ റെക്കോർഡിൽ എത്താൻ കഴിയും.
“ഞങ്ങൾ സാഹചര്യങ്ങളോട് ചേർന്ന് നിൽക്കാനും സാഹചര്യത്തിന് ആവശ്യമായത് ചെയ്യാനും ആഗ്രഹിക്കുന്നു. ടോട്ടലുകൾ പ്രതിരോധിക്കുന്നതിൽ മാത്രം മികച്ച ഒരു ടീമായി മാറാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ആദ്യം ബാറ്റ് ചെയ്യുമ്പോൾ മാത്രമല്ല, പിന്തുടരുമ്പോഴും ഞങ്ങൾ മത്സരങ്ങൾ ജയിക്കണം.” -തന്റെ ടീം പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആർആർ ക്യാപ്റ്റൻ സഞ്ജു സാംസൺ വ്യക്തമാക്കുന്നു.
“ഇല്ല, അങ്ങനെയൊന്നുമില്ല. അദ്ദേഹം (കോഹ്‌ലി) ആശയങ്ങൾ നൽകുമ്പോൾ എനിക്ക് അത് ശരിക്കും ഇഷ്ടമാണ്. അദ്ദേഹം മൈതാനത്ത് ക്യാപ്റ്റൻസി ചെയ്യുന്നുണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.” മുൻ ക്യാപ്റ്റൻ ഇപ്പോഴും ഒരു ക്യാപ്റ്റനാണോ എന്ന് ആർസിബി ക്യാപ്റ്റൻ രജത് പട്ടീദാറിനോടുള്ള ചോദ്യത്തോട് പ്രതികരിച്ചു.