Kerala Government News

സംസ്ഥാനം വീണ്ടും കടമെടുക്കുന്നു; ഇത്തവണ 990 കോടി; ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 42515 കോടിയിലേക്ക് കുതിച്ചു

സംസ്ഥാനം വീണ്ടും കടമെടുക്കുന്നു. 990 കോടിയാണ് കടം എടുക്കുന്നത്. കടപ്പത്രം പുറപ്പെടുവിക്കുന്നതിനായുള്ള ലേലം മാർച്ച് 25 ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു.

ഇതോടെ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 42515 കോടിയായി. മാർച്ച് 11 ന് 605 കോടി കടം എടുത്തിരുന്നു. ഫെബ്രുവരി 25 ന് 1920 കോടി കേരളം കടം എടുത്തിരുന്നു. 10000 കോടി കൂടി കടം എടുക്കാൻ അനുവദിക്കണമെന്നാവശപ്പെട്ട് കേരളം കേന്ദ്രത്തെ സമീപിച്ചിരുന്നു. മാർച്ച് മാസത്തെ ചെലവുകൾക്ക് ഇതു കൂടി ലഭിക്കണം എന്നാണ് ബാലഗോപാൽ അറിയിച്ചത്.

വൈദ്യുതി പരിഷ്കരണത്തിന്റെ ഭാഗമായി 6000 കോടിയോളം കടം എടുക്കാൻ കേന്ദ്രം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ 50 ശതമാനം കേരളം വെട്ടിച്ചുരുക്കിയിരുന്നു.

ഓരോ വകുപ്പുകളും അതിനനുസരിച്ച് നേരത്തെ ഇറക്കിയ ഭരണാനുമതി ഉത്തരവുകൾ പുതുക്കി ഇറക്കിയിരുന്നു.അതേ അവസരത്തിൽ ഓരോ വകുപ്പുകളും വരുമാനം ഉയർത്താൻ തങ്ങളുടെ സർവീസുകളുടെ ഫീസുകൾ കുത്തനെ ഉയർത്തുകയും ചെയ്തു. ഇങ്ങനെ കടം വാരി കോരി എടുത്തിട്ടും ക്ഷേമ പെൻഷൻ പോലും കൃത്യമായി കൊടുക്കാൻ കഴിയുന്നില്ല. 3 മാസത്തെ ക്ഷേമപെൻഷൻ കുടിശികയാണ്. 4800 രൂപ വീതം ഓരോ ക്ഷേമ പെൻഷൻകാരനും ലഭിക്കാനുണ്ട്.

സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ക്ഷാമബത്തയും ക്ഷാമ ആശ്വാസവും അടക്കം ലഭിക്കാനുള്ള നിരവധി ആനുകൂല്യങ്ങൾ ആണ് തടഞ്ഞ് വച്ചിരിക്കുന്നത്. 6 ഗഡു ക്ഷാമബത്തയും ക്ഷാമ ആശ്വാസവും കുടിശികയാണ്. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൻ്റെ കുടിശിക ആകട്ടെ ഇതുവരെ നൽകിയതുമില്ല.ഒരു വശത്ത് ഇഷ്ടക്കാരുടെ ശമ്പളം കുത്തനെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും ശമ്പളം ലക്ഷങ്ങൾ ആയിട്ടാണ് വർദ്ധിപ്പിച്ചത്. പ്ലീഡർമാരുടെ ശമ്പളവും ഉയർത്തി. മറുവശത്ത് ആശ വർക്കർമാരുടെ തുച്ഛമായ വേതനം ഉയർത്തുന്നും ഇല്ല. ആശ വർക്കർമാരുടെ സമരം കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാർ. നിരാഹാര സമരത്തിലേക്ക് ആശ വർക്കർമാർ കടന്നിരിക്കുകയാണ്.