
ഓപ്പറേഷൻ തീയേറ്ററിൽ നിന്ന് പുറത്തു വരുമ്പോൾ സിന്ധു പോക്സോ പ്രതി
ഒറ്റ നോട്ടത്തിൽ തന്നെ വിചിത്രമാണ് ഏഷ്യാനെറ്റിനെതിരായ പോക്സോ കേസ്. മയക്കു മരുന്ന് വ്യാപനത്തിനെതിരെ വാർത്ത കൊടുത്തതിനെ തുടർന്ന് ലോകത്തെവിടെയെങ്കിലും ഏതെങ്കിലും മാധ്യമ സ്ഥാപനത്തിനെതിരെ ഏതെങ്കിലും സർക്കാർ കേസെടുത്തിട്ടുണ്ടാവുമോ? അതും പോക്സോ കേസ്. നമ്മുടെ സാമാന്യ ബുദ്ധിക്കും നീതിബോധത്തിനും നിരക്കുന്നതല്ലല്ലോ അങ്ങനെ ഒരു കേസ്. ഇവിടെ ഇങ്ങനെ ഒരു കേസ് ഉണ്ടായെന്ന് പറഞ്ഞാൽ കേരളത്തിന് പുറത്ത് ആരാണ് വിശ്വസിക്കാൻ പോവുക? മയക്കുമരുന്ന് വ്യാപനത്തിനെതിരെ ആഗോള തലത്തിൽ തന്നെ മനുഷ്യരാശി പോരാട്ടം നടത്തുമ്പോൾ ഇവിടെ ആ പോരാട്ടം നടത്തിയവർക്കെതിരെ കേസെടുക്കുകയോ? കേരളത്തിന് എന്തു പറ്റി എന്ന് ചോദിച്ച് ലോകം നമ്മളെ പരിഹസിക്കുകയില്ലേ?
ഇനി റിപ്പോർട്ട് ചെയ്തതിൽ എന്തെങ്കിലും അസത്യമുണ്ടോ? അതുമില്ല. ഇത്തരം വാർത്തകളിൽ ഇരകളുടെ പേരോ ഐഡൻ്റിറ്റി വെളിപ്പെടുന്ന മറ്റെന്തെങ്കിലുമോ നൽകരുതെന്നത് പത്രപ്രവർത്തനത്തിൻ്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്. അതാണ് ഇവിടേയും ചെയ്തത്. അതിനാണ് വ്യാജ വീഡിയോ എന്ന് പറയുന്നത്. പക്ഷേ ഇതൊക്കെ ആരോട് പറയാൻ എന്ന വിചിത്രമായ അന്തരീക്ഷമാണ് ഈ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടത്.
മയക്കുമരുന്നിനെതിരെ വാർത്ത നൽകിയ ചാനലിനെതിരെ കേസെടുക്കുക മാത്രമല്ലല്ലോ ഉണ്ടായത്. ചാനലിൻ്റെ ഓഫീസിലേക്ക് ഭരണ പക്ഷക്കാർ അതിക്രമിച്ച് കയറി ബഹളമുണ്ടാക്കി. എന്തിന്? മയക്കു മരുന്നിനെതിരെ വാർത്ത കൊടുത്തതിനോ?
മാത്രമല്ല, വാർത്ത കൊടുത്തവരേയും അതിൻ്റെ തലപ്പത്തുള്ളവരേയും സോഷ്യൽ മീഡിയയിൽ ഭരണ പക്ഷ പോരാളികൾ തെറി അഭിഷേകം നടത്തിയില്ലേ? എന്തിന്? മയക്കു മരുന്നിനെതിരെ വാർത്ത കൊടുത്തതിനോ?
മറ്റൊരു കാര്യം കൂടി പറയാം. ഈ കേസിൽ വേട്ടയാടപ്പെട്ട ഏഷ്യാനെറ്റിൻ്റെ സിന്ധു സൂര്യകുമാർ എൻ്റെ അനുജത്തിയാണ്. അന്ന് മുൻകൂട്ടി നിശ്ചയിച്ച ഒരു ഓപ്പറേഷന് വേണ്ടി സിന്ധുവിനെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറ്റുകയായിരുന്നു. ആകാംഷയോടെ ഞങ്ങൾ പുറത്തും. അപ്പോൾ സിന്ധു പ്രതിയായിരുന്നില്ല. ഓപ്പറേഷൻ തീയേറ്ററിൽ അബോധാവസ്ഥയിൽ കിടക്കുമ്പോഴാണ് സിന്ധുവിനെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ബോധം വീണ്ടു കിട്ടി സർജറിയുടെ മയക്കത്തിൽ ഓപ്പറേഷൻ തീയേറ്ററിന് പുറത്തു വരുമ്പോൾ സിന്ധു പോക്സോ കേസിൽ പ്രതിയായി മാറിയിരുന്നു. കേസെടുക്കുമ്പോൾ ആശുപത്രിയിൽ ആയിരുന്നതിൻ്റെ പേരിലും കേട്ടു തെറി. ഒരു സ്ത്രീ എന്ന പരിഗണന പോലുമില്ലാത്ത നീ ചമായ ആക്രമണമാണുണ്ടായത്. എന്തിന്? മയക്കുമരുന്ന് വ്യാപനത്തെക്കുറിച്ച് വാർത്ത അനുവദിച്ചതിനോ?
പിന്നീട് സർജറിയുടെ കെടുതികൾ മാറും മുൻപ് കോഴിക്കോട്ട് പൊലീസിന് മുന്നിൽ ഹാജരാവാൻ പലവട്ടം യാത്ര ചെയ്യേണ്ടി വന്നു. എന്തിന്? മയക്ക് മരുന്നിനെതിരെ വാർത്ത അനുവദിച്ചതിനോ?
തമാശ അതൊന്നുമല്ല. ഇപ്പോൾ കേരളത്തിൻ്റെ അവസ്ഥ എന്തായി? ഇന്നിപ്പോൾ മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ തലത്തിൽ തന്നെ കാമ്പയിൻ നടത്തുകയല്ലേ? ഇത് തന്നെയല്ലേ മൂന്ന് വർഷം മുൻപ് ചാനൽ പറഞ്ഞതും.
( മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.വി. പവനൻ ഫേസ് ബുക്കിൽ കുറിച്ചത്).