News

നാല് ലക്ഷം രൂപയുടെ മൊബൈലും കമ്പ്യൂട്ടറും; മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കാൻ സോഷ്യൽ മീഡിയ ടീം

തിരുവനന്തപുരം: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന് മുന്നണിയും പാർട്ടിയും ഉറപ്പിച്ചതോടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിച്ഛായ മെച്ചപ്പെടുത്താൻ ടീം പിണറായി രംഗത്തിറങ്ങുന്നു. അതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ പ്രവർത്തനം കൂടുതല്‍ സജീവമാക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനം. ഇതിനുള്ള ചെലവുകള്‍ ആരംഭിച്ചുകഴിഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സഞ്ചരിച്ച് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ സർക്കാർ. ഇതിനുവേണ്ടി സോഷ്യൽ മീഡിയ ടീമിന് 3.96 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വാങ്ങാൻ അനുമതി നൽകി ഉത്തരവിറങ്ങി. 1.67 ലക്ഷം രൂപയുടെ സാംസങ്ങ് S25 ഫോണും 1.96 ലക്ഷം രൂപയുടെ ലാപ്‌ടോപ്പുമാണ് പ്രധാനമായും വാങ്ങുന്നത്. ന്യൂ മീഡിയ ഇൻഫർമേഷൻ ഓഫീസറുടെ പ്രപ്പോസലുകൾ അംഗീകരിച്ചാണ് തുക അനുവദിച്ചിരിക്കുന്നത്.

12 പേരാണ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിൽ ഉള്ളത്. 82 ലക്ഷം രൂപയാണ് ഇവരുടെ വാർഷിക ശമ്പളം. മുൻ മുഖ്യമന്ത്രിമാർ ആർക്കും സോഷ്യൽ മീഡിയ ടീം ഉണ്ടായിരുന്നില്ല.സർക്കാർ പ്രചരണത്തിന് പി.ആർ. ഡി യെ ആണ് മുൻ മുഖ്യമന്ത്രിമാർ ആശ്രയിച്ചത്. 108 കോടി ഒരു വർഷം ചെലവഴിക്കുന്ന പി.ആർ.ഡി സർക്കാരിന്റെ പ്രചരണത്തിന് അഹോരാത്രം പണിയെടുക്കുന്നുണ്ടെങ്കിലും പിണറായി ഒരു സംഭവമാണ് എന്ന് പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ ടീമിനെയാണ് ഉപയോഗിക്കുന്നത്.

സോഷ്യൽ മീഡിയ ടീമിന്റെ മേൽനോട്ടം മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിനാണ്. മുഖ്യമന്ത്രിയുടെ ഇമേജ് വർദ്ധിപ്പിക്കുക, മുഖ്യമന്ത്രിക്കെതിരെയുള്ള വാർത്തകളെ പ്രതിരോധിക്കുക എന്നതൊക്കെയാണ് സോഷ്യൽ മീഡിയ ടീമിന്റെ ചുമതല.

Hardware Purchasing for CM Pinarayi vijayan - Kerala Government