CricketIPLSports

തകർപ്പൻ ജയവുമായി ലക്‌നൗ; ഗുജറാത്തിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി | IPL 2025 GT Vs LSG

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 ഹോം ഗ്രൌണ്ടില്‍ നടന്ന മത്സരത്തില്‍ ആറുവിക്കറ്റുകളുടെ വിജയവുമായി ലക്‌നൗ സൂപ്പർ ജയിന്റ്സ്, ആദ്യ ബാറ്റിംഗില്‍ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 180 റണ്‍സുകളുടെ വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സുകള്‍ എടുത്ത് മറികടക്കുകയായിരുന്നു ലക്‌നൗ. ഐഡൻ മർക്രം, നിക്കോളാസ് പൂരൻ എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് ലക്‌നൗവിന്റെ വിജയം അനായാസമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് സ്വപ്‌ന തുല്യമായ തുടക്കമാണ് ക്യാപ്റ്റൻ ശുബ്മാൻ ഗില്ലും, സായി സുദർശനും ചേർന്ന് നൽകിയത്. ഇരുവരും അർധ സെഞ്ച്വറി നേടി. 12.1 ഓവർവരെ ക്രീസിൽ തുടർന്ന ഈ സഖ്യം 120 റൺസുകൾ നേടിയാണ് പിരിഞ്ഞത്. തുടർന്ന് വന്ന ബാറ്റർമാർക്ക് ഈ അവസരം മുതലാക്കാൻ സാധിച്ചില്ല. ശേഷമുള്ള 7.5 ഓവറുകളിൽ വെറും 60 റൺസുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

38 പന്തുകൾ നേരിട്ട് ആറ് ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടെ ശുബ്മാൻ ഗിൽ 60 റൺസുകൾ നേടിയപ്പോൾ 37 പന്തുകൾ നേരിട്ട മറ്റൊരു ഓപണർ സായി സുദർശൻ 56 റൺസുകൾ നേടിയത് 7 ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു. ജോസ് ബട്‌ലർ 16 റൺസുകളും, ഷെർഫെയിൻ റുതർഫോർട് 22 റൺസുകളും സംഭാവന നൽകി.

ലക്‌നൗ ബോളിങ് നിരയിൽ ഷാർദുൽ ടാക്കൂർ, രവി ബിഷ്‌ണോയി എന്നിവർ രണ്ടുവിക്കറ്റ് വീതവും ഡിഗ്വേഷ് രതി, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റും നേടി. ലക്‌നൗവിന് കുറഞ്ഞ ഓവർനിരക്കിന്റെ പണിഷ്‌മെന്റായി അവസാന ഓവറിൽ ബൗണ്ടറിയിൽ നാല് കളിക്കാരെ മാത്രമേ അനുവദിച്ചുള്ളൂ.

രണ്ടാം ബാറ്റിംഗില്‍ ഓപണ്‍ ചെയ്ത ഐഡൻ മർക്രം, റിഷഭ് പന്ത് സഖ്യം 65 റണ്‍സുകളുടെ ഓപണിങ് പാർടണർഷിപ്പ് ഉണ്ടാക്കി. 18 പന്തുകളില്‍ 21 റണ്‍സെടുത്ത റിഷഭ് പന്തിനെ പ്രസിധ് കൃഷ്ണ പുറത്താക്കുകയായിരുന്നു. തർത്തടിച്ച ഐഡൻ മർക്രം 31 പന്തില്‍ 9 ബൌണ്ടറികളും 1 സിക്സും അടക്കം 58 റണ്‍സുകള്‍ നേടി. സിക്സർ മഴ പെയ്യിച്ച നിക്കോളാസ് പുരാൻ 34 പന്തില്‍ 61 റണ്‍സുകള്‍ സംഭാവന നല്‍കി. 7 സിക്സറുകളാണ് താരം പറത്തിയത്. പുറത്താകെ നിന്ന ആയുഷ് ബധോണി 28 റണ്‍സുകള്‍ നേടി. 20 ാം ഓവറിലെ മൂന്നാമത്തെ പന്ത് സിക്സറിന് പായിച്ചാണ് താരം വിജയ റണ്‍ കുറിച്ചത്.

ഗുജറാത്ത് ബോളിങ് നിരയില്‍ മികച്ച ഇക്കോണമിയില്‍ പന്തെറിഞ്ഞ പ്രസിധ് കൃഷ്ണ രണ്ട് വിക്കറ്റും റാഷിദ് ഖാൻ, വാഷിങ്ടണ്‍ സുന്ദർ എന്നിവർ ഓരോ വിക്കറ്റും നേടി.