
വരവിൽ കവിഞ്ഞ സ്വത്ത്: കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണം; ഹൈക്കോടതിയുടെ നിർണായക നീക്കമെന്ന് അഡ്വ.സുരേഷ് വണ്ടന്നൂർ
മുഖ്യമന്ത്രിയുടെ മുൻ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായ കെ.എം. എബ്രഹാമിനെതിരെ വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ഗുരുതര ആരോപണത്തിൽ സിബിഐ അന്വേഷണം നടത്താൻ ഉത്തരവിട്ടുകൊണ്ട് കേരള ഹൈക്കോടതി നിർണായക നീക്കത്തിലേക്ക് കടന്നു. ജസ്റ്റിസ് കെ. ബാബുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മനുഷ്യാവകാശപ്രവർത്തകന്റെ ഹർജി
2018-ൽ മനുഷ്യാവകാശപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ആധികാരിക തീരുമാനം. ഹർജിക്കാരന്റെ മൊഴി, വിജിലൻസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്, മറ്റ് രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ സിബിഐയുടെ കൊച്ചി യൂണിറ്റ് സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകി.
വിജിലൻസിന്റെ അന്വേഷണം സംശയാസ്പദം
വിവാദം വളർന്നത് വിജിലൻസിന്റെ അന്വേഷണത്തിന്റെ രീതിയെക്കുറിച്ചായിരുന്നു. സംശയം ഉളവാക്കുന്ന വിധത്തിൽ കെ.എം. എബ്രഹാമിനെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നത് ഹൈക്കോടതി നേരിട്ട് നിരീക്ഷിച്ചു. അതിനാൽ, ഇനി വീണ്ടും പ്രാഥമികാന്വേഷണം ആവശ്യമില്ലെന്നും, വിജിലൻസിന്റെ എല്ലാ രേഖകളും ഉടൻ സിബിഐക്ക് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു. 2017-ലെ വിജിലൻസ് കോടതി ഉത്തരവും കോടതി റദ്ദാക്കി.
ഗുരുതരമായ കണ്ടെത്തലുകൾ: രേഖതിരിമറികളും പിഴവുകളും
വരവിന് അതീതമായ വായ്പാ അടയ്ക്കൽ: ശമ്പളത്തെക്കാൾ കൂടുതലായ തുക ഓരോ മാസവും ലോൺ അടയ്ക്കുന്നതിനുള്ള വിശദീകരണം എബ്രഹാമിനോട് ചോദിച്ചെങ്കിലും വിശദീകരിയ്ക്കാൻ സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.
ഒളിപ്പിച്ച സ്വത്ത്:
കൊല്ലം കടപ്പാക്കടയിലെ മൂന്നു നില ഷോപ്പിംഗ് കോംപ്ലക്‌സ് സഹോദരന്റെ പേരിലാണെന്ന എബ്രഹാമിന്റെ വാദം മറികടന്നത്, കോർപ്പറേഷൻ രേഖകൾ സംയുക്തമായി ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയതോടെയായിരുന്നു. ഇതിന്റെ ഉടമസ്ഥാവകാശം എബ്രഹാമിനാണ് യെന്ന് തെളിഞ്ഞതോടെ ആരോപണം കൂടുതൽ ശക്തിയായി.
33 വർഷത്തോളം മറച്ചുവെച്ച വിവരങ്ങൾ: റൂൾ 16 പ്രകാരമുള്ള പെരുമാറ്റച്ചട്ടം ലംഘിച്ച്, ഭാര്യയുടെയും മക്കളുടെയും സ്വത്ത് വിവരങ്ങൾ വാർഷികമായി രേഖപ്പെടുത്താതിരുന്നത് അന്വേഷണത്തിൽ തെളിഞ്ഞതായി കോടതി രേഖപ്പെടുത്തി.
ബാങ്ക് ലോക്കറിൽ കണ്ടെത്തിയ സ്വർണവും ആഡംബരവും: ഭാര്യയുടെ പേരിലുള്ള ലോക്കറിൽ നിന്ന് കണ്ടെത്തിയ 100 പവൻ സ്വർണവും മറ്റ് വിലമതിക്കുന്ന ആഭരണങ്ങൾക്കും ബാങ്ക് ഇടപാടുകൾക്കും രേഖയുണ്ട് എന്നതും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയുടെ നിർദേശത്തിൽ അടിയന്തരതയും സുതാര്യതയും.
ജസ്റ്റിസ് കെ. ബാബു തന്റെ വിധിയിൽ വ്യക്തമായി നിർദ്ദേശിച്ചു:
“സത്യസന്ധവും പക്ഷപാതരഹിതവുമായ അന്വേഷണം നടക്കണമെന്നതാണ് പ്രധാനം. നടപടികൾ സുതാര്യമാകണമെന്ന വിശ്വാസം സമൂഹത്തിനുണ്ടാവണം.”
കേരളം ഉൾപ്പെടെയുള്ള ഭരണപാധികൾക്കും ബ്യൂറോക്രസിക്കും ഒരു ശക്തമായ സന്ദേശമാകുന്ന വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. അടുത്ത ഘട്ടത്തിൽ സിബിഐയുടെ വിശദാന്വേഷണം ഈ കേസിനെ എത്ര ദൂരേയ്ക്കും കൊണ്ടുപോകു മെന്നത് ഇനി കാത്തിരിക്കുകയാണ്.