News

കൈക്കൂലി വാങ്ങുമ്പോള്‍ ഓഫീസ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

എറണാകുളം സബ് രജിസ്ട്രാർ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് ശ്രീജയെ 1,750/- രൂപ കൈക്കൂലി വാങ്ങവേ എറണാകുളം മദ്ധ്യമേഖല വിജിലൻസ് പിടികൂടി.
അഡ്വക്കേറ്റ് ക്ലാർക്കായി ആധാരം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ജോലി നോക്കിവരുന്ന ആലപ്പുഴ മുഹമ്മ സ്വദേശിയായ പരാതിക്കാരി ഇക്കഴിഞ്ഞ ഫെബ്രുവരി മാസം 21-ാം തീയതി 55 ലക്ഷം രൂപ വിലവരുന്ന ഒരു വസ്തുവിന്റെ രജിസ്ട്രേഷൻ എറണാകുളം സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയിരുന്നു.

രജിസ്ട്രേഷന് ശേഷം സബ് രജിസ്ട്രാർ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായ ശ്രീജ തനിക്കും, സബ് രജിസ്ട്രാർക്കും, ക്ലാർക്കിനും രജിസ്ട്രേഷൻ നടത്തി കൊടുക്കുന്നതിന് കൈക്കൂലി വേണമെന്ന് പരാതിക്കാരിയോട് ആവശ്യപ്പെടുകയും പരാതിക്കാരിയെ നിർബന്ധിച്ച് 1,750/-രൂപ വാങ്ങിയെടുക്കുകയും ചെയ്യുകയായിരുന്നുവെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.

തൊട്ടടുത്ത ദിവസം മറ്റൊരു രജിസ്ട്രേഷനുവേണ്ടി ഓഫീസിലെത്തിയപ്പോൾ അര കോടി രൂപയിൽ കൂടുതലുള്ള ഒരു രജിസ്ട്രേഷൻ ചെയ്യുന്നതിന് സബ് രജിസ്ട്രാർ ഓഫീസർക്ക് 2,000/-വും ക്ലാർക്കിന് 1,000/-വും ഓഫീസ് അസിസ്റ്റന്റായ തനിക്ക് 500/-രൂപയുമാണ് സാധാരണ കൈക്കൂലിയായി വാങ്ങുന്നതെന്നും, ആയതിനാൽ 1,750/- രൂപ കൂടി വീണ്ടും നൽകണമെന്നും, ബാക്കി തുകയായ 1,750/- രൂപ ഇനി വരുമ്പോൾ കൊടുക്കണമെന്നും പറഞ്ഞു.

തുടര്‍ന്ന് പരാതിക്കാരി ഈ വിവരം എറണാകുളം വിജിലൻസ് മദ്ധ്യമേഖല പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ധേശപ്രകാരം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം നിരീക്ഷിച്ചു വരവേ ഇന്ന് (03/03/2025) വൈകുന്നേരം 03.50 മണിക്ക് എറണാകുളം സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് പരാതിക്കാരിയിൽ നിന്നും ഓഫീസ് അസിസ്റ്റന്റ് ശ്രീജ 1,750/- രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്.