Kerala Government News

കെ.എം എബ്രഹാമിന്റെ ശമ്പളം ഈ മാസം വീണ്ടും വർദ്ധിപ്പിക്കും; 10 ശതമാനം ആണ് വർധന

ആശ വർക്കേഴ്സിന്റെ തുച്ഛമായ ഓണറേറിയം വർദ്ധിപ്പിക്കാത്ത സർക്കാർ കിഫ്ബി സിഇഒ ഡോ. കെ.എം എബ്രഹാമിന്റെ ശമ്പളം വീണ്ടും വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. പത്ത് ശതമാനം ശമ്പള വർധനവ് ആണ് ലഭിക്കുക. നിലവിൽ കെ.എം. എബ്രഹാമിന്റെ ശമ്പളം 3,87,750 രൂപയാണ്. ശമ്പളത്തിൽ 19,250 രൂപയുടെ വർധനയാണ് വരുത്തുന്നത്. ഇതോടെ അദ്ദേഹത്തിന്റെ ശമ്പളം 4.07 ലക്ഷം ആകും.

ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം എബ്രഹാം 2018 ൽ ആണ് കിഫ്ബി സി.ഇ.ഒ ആകുന്നത്. 2.75 ലക്ഷമായിരുന്നു തുടക്കത്തിലെ ശമ്പളം. പിന്നിട് 2019 ജനുവരിയിൽ 27, 500 രൂപയും 2020 ൽ 27,500 രൂപയും 2022 ൽ 19,250 രൂപയും 2023 ൽ 19,250 രൂപയും 2024 ഏപ്രിൽ മാസത്തിൽ 19,250 രൂപയും എബ്രഹാമിന്റെ ശമ്പളത്തിൽ വർദ്ധിപ്പിച്ചു.

2024 ഒക്ടോബർ 8 ന് കെ.എൻ. ബാലഗോപാൽ നിയമസഭയിൽ നൽകിയ മറുപടി പ്രകാരം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആയി എബ്രഹാമിന് നൽകിയത് 2,73,23,704 രൂപയാണ്. ശമ്പള ഇനത്തിൽ 2,66,19,704 രൂപയും ലീവ് സറണ്ടർ ആയി 6,84,750 രൂപയും ഉൽസവ ബത്തയായി 19,250 രൂപയും എബ്രഹാം കൈപ്പറ്റിയിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

കരാർ ഇനത്തിലാണ് എബ്രഹാം ശമ്പളം കൈപറ്റുന്നത്. അതു കൊണ്ടുള്ള പ്രധാന ഗുണം പെൻഷനും കൈ പറ്റാം. ചീഫ് സെക്രട്ടറി പെൻഷനും എബ്രഹാമിന് ശമ്പളത്തോടൊപ്പം ലഭിക്കും