
കെഎസ്ആർടിസി യാത്രക്ക് ട്രാവൽകാർഡ് വരുന്നു | KSRTC
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കിയ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യാത്രക്കാർക്ക് പുതിയ ട്രാവൽ കാർഡും പുറത്തിറക്കുന്നു. കണ്ടക്ടർമാർക്കുള്ള പരിശീലനം പൂർത്തിയായി. രണ്ടാഴ്ച്ചക്കുള്ളിൽ കാർഡ് വിൽപന ആരംഭിക്കാനാണ് തീരുമാനം.
മുമ്പും കെഎസ്ആർടിസി ട്രാവൽ കാർഡ് കൊണ്ടുവന്നിരുന്നെങ്കിലും ചലോ ആപ്പുമായി സഹകരിച്ച് കെഎസ്ആർടിസി എല്ലാ ബസുകളിലും കൊണ്ടുവരുന്ന ഡിജിറ്റൽ ടിക്കറ്റിങ് മെഷീനുമായി ചേരുന്ന ട്രാവൽ കാർഡുകളാണ് പുതിയത്. 100 രൂപക്കാണ് യാത്രക്കാർക്ക് കാർഡ് ലഭിക്കുക. കാർഡിൽ ആവശ്യാനുസരണം പണം രീച്ചാർജ് ചെയ്ത് ഉപയോഗിക്കാം. 2000 രൂപ വരെയാണ് ചാർജ് ചെയ്യാൻ കഴിയുന്നത്.
മിനിമം റീചാർജ് തുക 50 രൂപയാണ്. കാർഡ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൈമാറി ഉപയോഗിക്കുന്നതിനും അനുമതിയുണ്ട്. കാർഡ് പ്രവർത്തിക്കാതിരുന്നാൽ ഡിപ്പോയുമായി ബന്ധപ്പെട്ട് മാറ്റിവാങ്ങാം. എന്നാൽ കേടുപാടുകൾ സംഭവിച്ചാൽ പ്രത്യേകം ചാർജ് ഈടാക്കും. കാർഡുകൾ വിൽക്കുന്ന കണ്ടക്ടർക്ക് കമ്മീഷനും നൽകാൻ തീരുമാനിച്ചിട്ടുണ്ട്.