CricketIPLSports

പ്രിയാൻഷ് ആര്യയുടെ വെടിക്കെട്ടും പ്രീതി സിന്റയുടെ ആറാട്ടും | IPL പഞ്ചാബ് Vs ചെന്നൈ

ഇൻഡ്യൻ പ്രീമിയർ ലീഗ് 2025 , ചൊവ്വാഴ്ച ചെന്നെക്കെതിരെ നടന്ന മൽസരത്തിൽ തകർപ്പൻ സെഞ്ച്വറി പ്രകടനമാണ് പഞ്ചാബ് താരമായ പ്രിയാൻഷ് ആര്യ നടത്തിയത്. ഇതേ സമയം ഗാലറിയിൽ പഞ്ചാബ് കിംഗ്സ് ടീമിന്റെ കോ – ഓണർ കൂടിയായ പ്രീതി സിൻ്റയുടെ ആഘോഷ പ്രകടനവും സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

39 പന്തുകളിൽ സെഞ്ച്വറി തികച്ച പ്രിയാൻഷ് ആര്യ ഐപിഎൽ ചരിത്രത്തിലെ തന്നെ അഞ്ചാമത്തെ അതിവേഗ സെഞ്ച്വറിയാണ് കരസ്ഥമാക്കിയത്. ഇന്നിംഗ്സിൽ 42 പന്തുകൾ നേരിട്ട താരം 102 റൺസുകളാണ് നേടിയത്. ഏഴു ബൗണ്ടറികളും ഒൻപതു സിക്സുകളുമാണ് മൽസരത്തിൽ താരത്തിൻ്റെ ബാറ്റിൽ നിന്നും പിറന്നത്. അഞ്ച് വിക്കറ്റിന് 83 റൺസുകൾക്ക് പതറി നിന്ന ഘട്ടത്തിൽ നിന്നുമാണ് താരം ഈ പ്രകടനം കാഴ്ചവെച്ചത്, 20 ഓവറുകൾ പൂർത്തിയാകുമ്പോൾ ടീം സ്കോർ ആറ് വിക്കറ്റിന് 219 ൽ എത്തിയിരുന്നു. മൽസരം പഞ്ചാബ് 18 റൺസുകൾക്ക് വിജയിച്ചു.

കഴിഞ്ഞ മെഗാതാരലേലത്തിൽ 30 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരത്തെ 3.8 കോടിക്കാണ് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. ഗൗതം ഗംഭീർ, നിധീഷ് റാണ, അമിത് മിശ്ര തുടങ്ങിയ താരങ്ങളെ വാർത്തെടുത്ത സഞ്ജയ് ഭരദ്വാജിന്റെ ഉറച്ച വിശ്വാസമാണ് താരത്തെ ടീമിലെത്തിച്ചത്. സീസണിലെ ആദ്യ മൽസരത്തിൽ തന്നെ ബാറ്റിംഗിിന് ഇറങ്ങിയപ്പോൾ ഗുജറാത്ത് ബൌളർമാർക്കെതിരെ ആക്രമിച്ചു കളിച്ച പ്രിയാൻശ് 23 പന്തിൽ 47 റൺസുകൾ അടിച്ചെടുത്ത് ടീമിലേക്കുള്ള വരവറിയിച്ചു. ഇന്നലെ നേടിയ സെഞ്വറി കൂടി ആയപ്പോൾ 3.8 കോടി വെറുതെയായില്ല എന്നത് പഞ്ചാബ് ടീം മാനേജ്മെന്റിന് ബോധ്യമായി.

ചെന്നെക്കെതിരെയുള്ള മത്സരത്തിൽ ഓപ്പണിംഗ് ബൗളർ ഖലീൽ അഹമ്മദിനെ സിക്സ് പായിച്ചു തുടങ്ങിയ പ്രിയാൻഷ് ആ ഓവറിൽ 17 റൺസുകൾ എടുത്തു. പവർ പ്ലേ പൂർത്തിയാകുന്നതിനു മുന്നേ 19 പന്തുകളിൽ താരം അർദ്ധ സെഞ്ചുറി കുറിച്ചു. സിക്സടിച്ചാണ് തൻ്റെ ആദ്യ ഐ പി എൽ അർധസെഞ്ച്വറി നേടിയത്. 13 ഓവറിൽ 39 പന്തുകൾ നേരിട്ട് സെഞ്ച്വറിയിലേക്കെത്തുമ്പോൾ ഒരു അൺ ക്യാപ്പ്ഡ് താരത്തിൻ്റെ ഏറ്റവും വേഗത്തിലുള്ള ഐപിഎൽ സെഞ്ച്വറിയായിരുന്നു.

ഡൽഹി പ്രീമിയർ ലീഗിൽ സൗത്ത് ഡെൽഹി ടീമിന്റെ ഭാഗമായിരുന്ന പ്രിയാൻഷ് ആര്യ നോർത്ത് ഡൽഹിക്കെതിരെ ഒരോവറിൽ ആറു സിക്സുകൾ പറത്തി ശ്രദ്ധ നേടിയിരുന്നു. പ്രിയാൻഷ് ആര്യ സെഞ്ച്വറി നേടിയപ്പോൾ ഗാലറിയിൽ മതിമറന്ന് ആഘോഷിച്ച പ്രീതി സിന്റയുടെ പ്രകടനവും ഇപ്പോൾ സോഷ്യൽ മീഡിയ വൈറലാണ്.