
കിഫ്ബി പദ്ധതികൾ പൂർത്തീകരിക്കാൻ 53,544.75 കോടി രൂപ കൂടി വേണമെന്ന് കെ.എൻ. ബാലഗോപാൽ | KIIFB
തിരുവനന്തപുരം: കിഫ്ബി പദ്ധതികൾ പൂർത്തീകരിക്കാൻ 53,544.75 കോടി രൂപ കണ്ടെത്തണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പെട്രോളിയം സെസ്, മോട്ടോർ വാഹന നികുതി എന്നീ ഇനത്തിൽ ഖജനാവിൽ നിന്നും പ്രതിവർഷം 4000 കോടി രൂപയോളം കിഫ്ബിക്ക് നൽകുന്നുണ്ട്. കിഫ്ബിയുടെ പ്രധാന വരുമാനവും ഇതു തന്നെ. ഖജനാവിൽ പണം കുറയുന്നതിന്റെ കാരണങ്ങളിൽ ഒന്ന് കിഫ്ബിയിലേക്ക് മാറ്റുന്ന ഈ പണമാണ്.
കഴിഞ്ഞ 8 വർഷത്തിനിടയിൽ 87521.36 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. ഇതിൽ 33,976. 61 കോടി രൂപ വിവിധ പദ്ധതികൾക്ക് കിഫ്ബി നൽകി. ഒരു വർഷം ഏകദേശം 4000 കോടി രൂപയാണ് കിഫ്ബി പദ്ധതികൾക്ക് നൽകുന്നതെന്ന് കണക്കുകളിൽ നിന്ന് വ്യക്തം. മരാമത്ത് വകുപ്പ് ചെയ്യേണ്ട പദ്ധതികൾ പലതും കിഫ്ബി വഴിയാണ് നടക്കുന്നത്.
ഉദ്യോഗസ്ഥരുടെ ശമ്പളമാണ് കിഫ് ബിയുടെ മറ്റൊരു ബാധ്യത. കിഫ് ബി സി.ഇ. ഒ കെ എം എബ്രഹാമിൻ്റെ ശമ്പള വർധന തന്നെ ഓരോ വർഷവും 10 ശതമാനം വീതം ആണ്. 2150 കോടിയുടെ മസാല ബോണ്ട് വാങ്ങിയത് 9.723 ശതമാനം കൊള്ള പലിശക്കും. മസാല ബോണ്ട് തിരിച്ചടച്ചപ്പോൾ പലിശ കൊടുത്തത് മാത്രം 1020 കോടിയായി. സർക്കാരിന്റെ കാലാവധി കഴിയുമ്പോൾ കേരളത്തിന്റെ ആകെ കടബാധ്യത 6 ലക്ഷം കോടിയാകും. കടബാധ്യത ഉയർത്തിയതിൽ കിഫ്ബിയുടെ പങ്ക് പ്രധാനപ്പെട്ടതാണ്.