InternationalNews

കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ജസ്റ്റിൻ ട്രൂഡോ

കാനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനവും കാനഡയുടെ ഭരണപക്ഷ പാര്‍ട്ടി സ്ഥാനങ്ങളും രാജിവച്ച് ജസ്റ്റിന്‍ ട്രൂഡോ (Justin Trudeau). കടുത്ത രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് രാജി. ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നാല്‍ ലിബറല്‍ പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് രാജി.

ലിബറല്‍ പാര്‍ട്ടിയിലെ ജനപ്രതിനിധികളുടെ ഒരു നിര്‍ണായകയോഗം ബുധനാഴ്ച നടക്കാനിരിക്കുകയായിരുന്നു. അതിന് മുന്‍പ് തന്നെ ലിബറല്‍ പാര്‍ട്ടിയുടെ അടിയന്തരയോഗം വിളിച്ച് ട്രൂഡോ തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു.

ഒന്‍പത് വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ന്നതോടെ ട്രൂഡോ സ്ഥാനം ഒഴിയുന്നത്. ലിബറല്‍ പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുപ്പുന്നതുവരെ ട്രൂഡോ തന്നെ സ്ഥാനത്ത് തുടരുമെന്നും അറിയിച്ചിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജി വെച്ചിരുന്നു.

ഇത് ട്രൂഡോയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. 2025 ഒക്ടോബറില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിലെ ലിബറല്‍ പാര്‍ട്ടിയുടെ വിജയത്തില്‍ ട്രൂഡോയുടെ നേതൃത്വമാണ് പ്രധാന തടസമാകുകയെന്നാണ് ടൊറന്റോ എംപി റോബര്‍ട്ട് ഒലിഫാന്റ് അഭിപ്രായപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *