
മെഡിസെപ്പ്: സ്വകാര്യ ആശുപത്രികളുടെ വിമുഖത ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് കെ.എൻ ബാലഗോപാൽ
മെഡിസെപ്പ് മുഖേനയുള്ള ചികിൽസക്ക് സ്വകാര്യ ആശുപത്രികൾ വിമുഖത കാണിക്കുന്നത് സംബന്ധിച്ച പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പി. അബ്ദുൾ ഹമീദ് എംഎൽഎയുടെ നിയമസഭ ചോദ്യത്തിന് ആണ് ബാലഗോപാൽ ഇങ്ങനെ മറുപടി നൽകിയിരിക്കുന്നത്. നിരവധി പരാതികൾ ഇത് സംബന്ധിച്ച് ജീവനക്കാരും പെൻഷൻകാരും ഉയർത്തുന്നുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന ധനമന്ത്രിയുടെ മറുപടി അമ്പരപ്പ് ഉളവാക്കുന്നതാണ്.
മെഡിസെപ്പിൽ എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിൽ നടത്തുന്ന ചികിത്സകൾക്കാണ് മെഡിസെപ് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകുന്നത്. മെഡിസെപ്പിലെ വ്യവസ്ഥകൾ അംഗീകരിക്കുന്ന ആശുപത്രികളെയാണ് മെഡിസെപ്പിൽ എംപാനൽ ചെയ്യുന്നത്. ആയതുകൊണ്ട് തന്നെ എംപാനൽ ചെയ്ത ആശുപത്രികൾ മെഡിസെപ്പിൽ ചികിത്സ നൽകുവാൻ ബാധ്യസ്ഥരാണ് – ധനമന്ത്രി നിയമസഭയെ അറിയിച്ചു

നിലവിലെ മെഡിസെപ്പ് പദ്ധതി 2025 ജൂൺ 30ന് അവസാനിക്കും. പദ്ധതി തുടരുന്നതിന്റെ ഭാഗമായി പാക്കേജ് പരിഷ്‌കരണം, പുതിയ പാക്കേജുകൾ ഉൾപ്പെടുത്തൽ എന്നിവ സംബന്ധിച്ച പഠനം നടത്തുന്നതിനായി 8 അംഗ എക്‌സ്‌പെർട്ട് കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സമാനമായ മറ്റ് പദ്ധതികളിൽ നിന്നും സ്വീകരിക്കാവുന്ന രീതികൾ കൂടി ഉൾക്കൊള്ളിച്ച് കൊണ്ട് ഗുണഭോക്താക്കൾക്ക് കൂടുതൽ ഉപയോഗപ്രദമാകുന്ന തരത്തിൽ പദ്ധതിയിൽ മാറ്റം വരുത്തുന്നതാണെന്നും കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.