
ശങ്കരനാരായണന്‍ അന്തരിച്ചു; മകളെ ബലാല്‍സംഗം ചെയ്ത് കൊന്ന പ്രതിയെ വധിച്ച കേസില്‍ കുറ്റവിമുക്തനാക്കിയിരുന്നു
മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തിയ മഞ്ചേരിയിലെ ശങ്കരനാരായണന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. തിങ്കൾ രാത്രിയോടെ ആയിരുന്നു അന്ത്യം. 2001 ഫെബ്രുവരി ഒന്‍പതിന് സ്കൂള്‍വിട്ടുവരുന്ന വഴിയാണ് 13 വയസുകാരിയെ അയല്‍വാസിയായ മുഹമ്മദ് കോയ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.
ജാമ്യത്തിലിറങ്ങിയ പ്രതി ജൂലൈ 27ന് വെടിയേറ്റ് കൊല്ലപ്പെട്ടു. പിന്നാലെ ശങ്കരനാരായണന്‍ പൊലീസില്‍ കീഴടങ്ങി. മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ട് പ്രതികളെയും ജീവപര്യന്ത്യത്തിന് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വെറുതെവിട്ടു.
സിനിമാക്കഥയെ പോലെ നടുക്കത്തോടെയും അമ്പരപ്പോടെയും മാത്രം ഓർക്കുന്ന ഒരു യഥാർത്ഥ ജീവിത കഥയാണ് അത്. രണ്ടായിരത്തി ഒന്ന് ഫെബ്രുവരിയിലെ ആ വൈകുന്നേരം പശുക്കളെ വളർത്തി ജീവിച്ചു പോന്ന ശങ്കരനാരായണൻ എന്ന ആ മനുഷ്യന് ഒരിക്കലും മറക്കാനാകുമായിരുന്നില്ല. പതിമുന്ന് വയസ്സ് മാത്രം പ്രായമുള്ള തന്റെ മകൾ കൃഷ്ണപ്രിയയെ സ്കൂൾ വിട്ട് തിരിച്ചെയത്തിയില്ല. പിന്നീട് നടത്തിയ തിരച്ചലിൽ അവളുടെ മുറിവേറ്റ് ചോരവാർന്ന മൃതദേഹം വഴിയിലുള്ള തോട്ടത്തിൽ കണ്ടെത്തി. തിരയാൻ കൂടെയുണ്ടായിരുന്നത് അയൽവാസിയായ മുഹമ്മദ് കോയ. ശങ്കരനാരായണന്‍റെ മനസ്സ് മുറിഞ്ഞ് പോയി. പരിചയക്കാർ ആരെങ്കിലും ആകാം കൊലപ്പെടുത്തിയത് സംശയത്തിൽ പൊലിസിന്‍റെ അന്വേഷണം നീണ്ടു. തിരച്ചിലിന് മുന്നിലുണ്ടായിരുന്ന അയൽവാസി മുഹമ്മദ് കോയ പിന്നീട് മുങ്ങി. നാട്ടിലെ സ്ത്രീകളെ ഉപദ്രവിച്ചതും ഒളിനോട്ടത്തിനും ലഹരിക്കേസുകളിലും മറ്റും പ്രതിയായ 24 കാരൻ മുഹമ്മദ് കോയയെ പിടികൂടി പൊലിസ്. ഇയാൾ കൃഷ്ണപ്രിയയെ കൊന്ന് തള്ളുന്നതിനിടെ കൈക്കലാക്കിയ ആഭരണവും കണ്ടെടുത്തു. ഇതേ വരെയുള്ള കഥ സാധാരണ കൊലപാതക്കേസുകളിലെ പതിവ് ചിത്രം. പക്ഷെ പിന്നീടാണ് യഥാർത്ഥ ക്ലൈമാക്സ്.
മകൾ പാറി നടന്ന ആ വീടിനുള്ളിൽ ശങ്കരനാരായണൻ കയറാതെയായി. അവളോടൊപ്പം കിടന്നിരുന്ന കട്ടിൽ വീടിന് പുറത്തേക്കിട്ട് രാത്രികളിൽ തീ അണയാത്ത മനസ്സുമായി അയാൾ കഴിഞ്ഞു. കൊല നടന്ന് മാസങ്ങൾക്കകം പ്രതി ജാമ്യത്തിലിറങ്ങി. പുറത്തിറങ്ങിയ മുഹമ്മദ് കോയയുമായി ശങ്കരനാരായണൻ ചങ്ങാത്തത്തിലായി. നാട്ടുകാർ തലയിൽ കൈവെച്ചു. അയാൾക്ക് കിറുക്കെന്ന് പറഞ്ഞു. അവരൊന്നിച്ച് നാട്ടിലെ പാറപ്പുറത്തിരുന്ന് മദ്യപിച്ചു. അങ്ങനെ നാട്ടുവർത്തമാനങ്ങളൊക്കെ പറഞ്ഞു.
2002 ജൂലൈ മാസം ആ നാട് കേട്ടുണർന്നത് മുഹമ്മദ് കോയയുടെ മരണവാർത്തായിരുന്നു. കുഞ്ഞ് കൃഷ്ണപ്രിയയുടെ കൊലയാളി പൊട്ടക്കിണറ്റിൽ വെടിയേറ്റ് മരിച്ച നിലയിൽ! കൊന്നതാരെന്ന് പൊലിസിന് സംശയമുണ്ടായിരുന്നില്ല. പൊലിസ് ശങ്കരനാരായണനെ വീട്ടിലെത്തി, അറസ്റ്റ് ചെയ്തു. ആ രാത്രി എന്ത് നടന്നുവെന്ന രഹസ്യം ശങ്കരനാരായണൻ ആരോടും പറഞ്ഞില്ല. എന്നെന്നേക്കുമായി ആ രഹസ്യം അയാൾ മനസ്ലിലൊളിപ്പിച്ചു. ഒരു കോടിതിയിലും കുറ്റം ഏറ്റു പറഞ്ഞില്ല. മഞ്ചേരി സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചു. കണ്ണുൂർ സെൻട്രൽ ജയിലിലേക്കയച്ചു. അപ്പീലിൽ ഹൈക്കോടതി പ്രോസിക്യൂഷനോട് ആ നിർണായക ചോദ്യം ചോദിച്ചു. സ്ഥിരം കുറ്റവാളിയായ അഹമ്മദ് കോയക്ക് ശങ്കരനാരായണൻ മാത്രമായിരുന്നോ ശത്രു. അങ്ങനെ വാദപ്രതിവാദങ്ങൾക്കൊടുവിൽ ശങ്കരനാരായണനെ ഹൈക്കോടതി വെറുതേ വിട്ടു. വിട്ടയക്കപ്പെട്ടപ്പോൾ, ജയിലും കടന്ന് സ്വതന്ത്രനായി ശങ്കരനാരായണൻ നീട്ടിവളർത്തിയ താടിയും മുടിയും വെട്ടിയൊതുക്കി, നിയമ പ്രകാരമുള്ള മുന്നറിയിപ്പ് ഓർത്ത് ഒരിക്കലെങ്കിലും ചിരിച്ചു കാണും. ‘ആരും നിയമം കൈയിലെടുക്കരുത്’… പീഡിപ്പിക്കപ്പെട്ട പെൺമക്കളുള്ള എല്ലാ അച്ഛൻമാർക്കും എക്കാലത്തേക്കുമായി ഒരേയൊരു ഹീറോ.. അതാണ് ശങ്കരനാരായണൻ.