
ഇംഗ്ലീഷ് വേണ്ട! ഉത്തരവുകൾ മലയാളത്തിൽ ഇറക്കണമെന്ന കർശന നിർദ്ദേശവുമായി ധനവകുപ്പ്
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഭരണഭാഷ മലയാളമാണെന്ന് കർശനമായി ഓർമ്മിപ്പിച്ച് ധനകാര്യവകുപ്പ്. ധനവകുപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന ഉത്തരവുകൾ, സർക്കുലറുകൾ, അർദ്ധ ഔദ്യോഗിക കത്ത്, അനൗദ്യോഗിക കുറിപ്പ്, മറ്റ് കത്തിടപാടുകൾ, മറ്റ് വകുപ്പുകളിൽ നിന്നും ധനകാര്യ വകുപ്പിൽ അഭിപ്രായം തേടി വരുന്ന ഫയലുകൾക്കുള്ള മറുപടികൾ തുടങ്ങിയ എല്ലാ വിനിമയങ്ങളും കത്തിടപാടുകളും റിപ്പോർട്ടുകളും സർക്കാർ ഉത്തരവുകളിൽ വ്യവസ്ഥ ചെയ്യും പ്രകാരം മലയാള ഭാഷയിൽത്തന്നെ പുറപ്പെടുവിക്കേണ്ടതാണെന്ന് ധനകാര്യ വകുപ്പിലെ എല്ലാ സെക്ഷനുകൾക്കും കർശന നിർദ്ദേശം നൽകി ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി വിജയശ്രീ എം.എസ്. സർക്കുലർ പുറത്തിറക്കി.
മലയാളത്തിൽ ഉത്തരവുകളും അറിയിപ്പുകളും പുറത്തിറക്കണമെന്ന കർശന ഉത്തരവുകൾ നിലവിലുള്ളപ്പോഴും സെക്രട്ടേറിയറ്റിലുൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിൽ ഫയലിടപാടുകളും ഉത്തരവുകളും വർധിച്ചതോടെയാണ് സർക്കാർ കടുത്ത നടപടിക്ക് ഒരുങ്ങുന്നത്.
സംസ്ഥാനത്തിന്റെ ഭരണഭാഷ പൂർണ്ണമായും മാതൃഭാഷയായ മലയാളത്തിൽ ആയിരിക്കണമെന്ന സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സർക്കുലർ. കേന്ദ്രസർക്കാർ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, ഹൈക്കോടതി-സുപ്രീംകോടതി, ഇതരസംസ്ഥാനങ്ങൾ, മറ്റുരാജ്യങ്ങൾ, സംസ്ഥാനത്തെ ന്യൂനപക്ഷഭാഷകളായ തമിഴ്, കന്നഡ അല്ലാതെയുള്ള ഭാഷാന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകൾ, ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് ഏതെങ്കിലും നിയമത്തിൽ പ്രത്യേകം പരാമർശമുള്ള സംഗതികൾ എന്നീ ഏഴു സാഹചര്യങ്ങളിൽ ഇംഗ്ലീഷും, സംസ്ഥാനത്തെ തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷക്കാർക്ക് ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങൾ നിലനിർത്തികൊണ്ട് കേരള ഔദ്യോഗിക ഭാഷകൾ ആക്റ്റിലെ 3 (എ) പ്രകാരം ന്യൂനപക്ഷഭാഷകളും കത്തിടപാടുകൾക്ക് ഉപയോഗിക്കാൻ അനുവദിച്ചിട്ടുളള സാഹചര്യങ്ങളിലൊഴികെ, ഭരണരംഗത്ത് മലയാളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് വ്യവസ്ഥയുണ്ട്.
കേരള സർക്കാരിന്റെ ഭരണഭാഷാനയം പൂർത്തിയാക്കുന്നതിനും ഭാഷാമാറ്റം അവലോകനം ചെയ്യുന്നതിനുമായി രൂപീകരിച്ച ഔദ്യോഗിക ഭാഷാ ഉന്നതതലസമിതി 10.04.2017-ന് ബഹു.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുകയും ഭാഷാമാറ്റ നടപടികൾ വിലയിരുത്തി നിയമപരമായി ഇംഗ്ലീഷിലും സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളും ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലൊഴികെയുള്ള എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മലയാളം തന്നെ ഉപയോഗിക്കണമെന്നും അതിനാൽ 2017 മെയ്-1 മുതൽ സെക്രട്ടറിയേറ്റ് ഉൾപ്പെടെ എല്ലാ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളിൽ ഔദ്യോഗിക ഭാഷയായി മലയാളം ഉപയോഗിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട്, ഇവിടങ്ങളിൽ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകളും സർക്കുലറുകളും കത്തുകളും മറ്റും നിബന്ധനകൾക്കു വിധേയമായി മലയാളത്തിൽത്തന്നെയായിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതുമാണ്. എന്നാൽ ഈ ഉത്തരവുകൾ നിലവിലുണ്ടെങ്കിലും ധന വകുപ്പിലെ പല സെക്ഷനുകളും ഫയലുകൾ ഇംഗ്ലീഷ് ഭാഷയിൽ കൈകാര്യം ചെയ്യുന്നതായും സർക്കാർ ഉത്തരവുകളും പരിപത്രങ്ങളും കത്തിടപാടുകളും ഇംഗ്ലീഷ് ഭാഷയിൽ പുറപ്പെടുവിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് അറിയിച്ചതിനെ തുടർന്നാണ് പുതിയ സർക്കുലർ.