
ശമ്പള പരിഷ്‌കരണ കമ്മീഷൻ വൈകുന്നു; പ്രതീക്ഷ നശിച്ച് ജീവനക്കാരും പെൻഷൻകാരും
അഞ്ചുവർഷത്തിലൊരിക്കൽ ശമ്പള പരിഷ്‌കരണം അട്ടിമറിക്കാൻ നീക്കം
സർക്കാരിന്റെ കാലാവധി തീരാൻ ഒരുവർഷം മാത്രം ഉള്ളപ്പോഴും ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കാത്തതിൽ ആശങ്കയുമായി ജീവനക്കാരും പെൻഷൻകാരും. 1.7.19 മുതൽ ലഭിക്കേണ്ട പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന് 6.11.19 ൽ തോമസ് ഐസക്ക് കമ്മീഷനെ പ്രഖ്യാപിച്ചിരുന്നു. 4 മാസം കഴിഞ്ഞപ്പോൾ അന്ന് കമ്മീഷൻ നിലവിൽ വന്നു. റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥർ കെ. മോഹൻദാസ് ആയിരുന്നു പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷൻ ചെയർമാൻ. റിട്ടയേർഡ് പ്രൊഫസർ എം.കെ. സുകുമാരൻ നായർ, അഡ്വക്കേറ്റ് അശോക് മാമൻ ചെറിയാൻ എന്നിവരായിരുന്നു അംഗങ്ങൾ. 29.1.21ന് കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. പതിമൂന്ന് മാസത്തിനുള്ളിൽ കമ്മീഷൻ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. റിപ്പോർട്ട് കിട്ടി പതിനാലാം പക്കം അതായത് 10.2.21 സർക്കാർ അത് അംഗികരിച്ച് ഉത്തരവും ഇറക്കി.
1.7.24 മുതൽ പ്രാബല്യത്തിൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്‌കരണത്തിന്റെ കമ്മീഷനെ ഒമ്പത് മാസം കഴിഞ്ഞിട്ടും നിയമിക്കാൻ സർക്കാർ തയ്യാറാകാത്തതാണ് ജീവനക്കാരിലും പെൻഷൻകാരിലും ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. കാലാവധി തീരാൻ സാങ്കേതികമായി ഒരുവർഷമുണ്ടെങ്കിലും യഥാർത്ഥത്തിൽ സർക്കാരിന് പ്രവർത്തിക്കാൻ സാധിക്കുന്നത് എട്ടുമാസം മാത്രമാണ്. നയപരമായ തീരുമാനങ്ങളും മറ്റുമെടുക്കാൻ സർക്കാരിന് മുന്നിൽ എട്ടുമാസം മാത്രമാണുള്ളത്. ശമ്പള പരിഷ്‌കരണം സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് കെ.എൻ. ബാലഗോപാൽ പലഘട്ടങ്ങളിലും നിയമസഭയിൽ മറുപടി നൽകിയിരുന്നു.
മൂന്ന് തെരഞ്ഞെടുപ്പുകളാണ് സർക്കാരിന് ഈ ഒരുവർഷത്തിനുള്ളിൽ നേരിടേണ്ടത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭ തിരഞ്ഞെടുപ്പ്. എന്നീ മൂന്ന് തിരഞ്ഞെടുപ്പുകളാണ് സർക്കാരിന് മുന്നിലുള്ളത്. മെയ് മാസമായിരിക്കും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. ഇതിന്റെ പെരുമാറ്റച്ചട്ടം ഉടനെ നിലവിൽ വരുമെന്നാണ് ലഭിക്കുന്ന സൂചന. അതുകൊണ്ടുതന്നെ ഏപ്രിൽ – മെയ് മാസങ്ങളിൽ ശമ്പള പരിഷ്‌കരണ കമ്മിഷൻ നിയമിക്കുന്നതിന് പെരുമാറ്റച്ചട്ടം തടസ്സമാകും.
ഒക്ടോബറിലാണ് തദ്ദേശ തെരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് തന്നെ പെരുമാറ്റച്ചട്ടം നിലവിൽ വരും. ഏപ്രിലിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനും മുൻകാലങ്ങളിലെ പോലെ പെരുമാറ്റച്ചട്ടം ഏറ്റവും കുറഞ്ഞത് രണ്ടുമാസമെങ്കിലും കാണും. പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ തന്നെ സർക്കാരിന്റെ അവസാന വർഷത്തെ നാല് മാസവും നഷ്ടപ്പെടും.
ഭരണത്തിൽ സ്വാധിനമുള്ള ഐഎഎസ് ലോബി പത്ത് വർഷം കൂടുമ്പോൾ ശമ്പള പരിഷ്‌കരണം മതി എന്ന അഭിപ്രായക്കാരാണ്. അഞ്ച് വർഷം കൂടുമ്പോൾ ശമ്പള പരിഷ്‌കരണം എന്ന പതിവ് ഐഎഎസ് ലോബി അട്ടിമറിക്കുമോ എന്ന ആശങ്കയാണ് ജീവനക്കാരേയും പെൻഷൻകാരേയും പിടി കൂടിയിരിക്കുന്നത്.
കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിന്റെ കുടിശികകൾ പോലും നാളിതു വരെ ജീവനക്കാർക്ക് നൽകിയിട്ടില്ല. നാല് ഗഡു പരിഷ്‌കരണ കുടിശികയിൽ ആദ്യ രണ്ട് ഗഡുക്കൾ പി.എഫിൽ ലയിപ്പിക്കുമെന്ന് മാർച്ച് 29ന് ഉത്തരവിറങ്ങിയിരുന്നു. എന്നാൽ, പി.എഫിലുള്ള തുക പിൻവലിക്കാൻ സാധിക്കുന്നത് 2026 ഏപ്രിൽ മാസത്തിൽ മാത്രമാണ്. ബാക്കി രണ്ട് ഗഡുവിന്റെ കാര്യത്തിൽ മൗനം പുലർത്തുകയാണ് ബാലഗോപാൽ.
കേരളത്തിൽ ഇതുവരെ നടന്ന പേ റിവിഷൻ കമ്മീഷൻ ചുവടെ:
- ഒന്നാം പേ റിവിഷൻ 1965
- രണ്ടാം പേ റിവിഷൻ 1968
- 1973 കേന്ദ്ര സമാനമായ പരിഷ്‌കരണം നടപ്പിലാക്കി ഇടക്കാല ഉത്തരവ്
- മൂന്നാം പേ റിവിഷൻ 1978
- നാലാം പേ റിവിഷൻ 1983
- അഞ്ചാം പേ റിവിഷൻ 1987
- ആറാം പേ റിവിഷൻ 1992
- ഏഴാം പേ റിവിഷൻ 1997
- എട്ടാം പേ റിവിഷൻ 2003
- ഒൻപതാം പേ റിവിഷൻ 2009
- പത്താം പേ റിവിഷൻ 2014
- പതിനൊന്നാം പേ റിവിഷൻ 2019