
കടംകൊണ്ട് മുടിയുന്ന കേരളം; പിണറായി ഒഴിയുമ്പോൾ കേരളത്തിന്റെ കടബാധ്യത 6 ലക്ഷം കോടി കവിയും
- പിണറായി ഭരിക്കുന്തോറും കേരളത്തിന്റെ കടം കൂടുന്നു
സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 422809.73 കോടിയായെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2025 ജനുവരി 31 വരെയുള്ള കണക്കാണിത്. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി 28,000 കോടിരൂപയോളം പലരീതിയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കടമെടുത്തിരുന്നു. ഇതോടെ 2025 മാർച്ച് 31വരെയുള്ള സംസ്ഥാത്തിന്റെ കടബാധ്യത 4.50 ലക്ഷം കോടിയായി ഉയർന്നു. 2025-26 സാമ്പത്തിക വർഷം 45,000 കോടി രൂപയാണ് കടമെടുക്കാൻ അനുമതിയുള്ളത്. മറ്റുരീതിയിലുള്ള കടമെടുപ്പ് കൂടിയാകുമ്പോൾ ഇത് അഞ്ചുലക്ഷം കോടി കടക്കും.
2016 ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ നിന്ന് ഇറങ്ങുമ്പോൾ കേരളത്തിന്റെ കടബാധ്യത 1.57 ലക്ഷം കോടിയായിരുന്നു. 3.43 ലക്ഷം കോടി രൂപയാണ് പിണറായി സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ കടബാധ്യത വർദ്ധിച്ചിരിക്കുന്നത്. മൂന്നിരിട്ടിയലധികമായി കടബാധ്യത വർധിച്ചിരിക്കുന്നുവെന്നും കണക്കുകളിൽ നിന്ന് വ്യക്തം. ഇതുകൂടാതെയാണ് ബജറ്റിന് പുറത്തുള്ള കടമെടുപ്പ്.
കിഫ്ബി 25000 കോടി രൂപയാണ് കടമെടുത്തിരിക്കുന്നത്. സാമൂഹിക ക്ഷേമപെൻഷൻ കൊടുക്കാനുള്ള പെൻഷൻ കമ്പനി കടമെടുത്തിരിക്കുന്നത് 18,000 കോടി രൂപയാണ്. കിഫ്ബിയും പെൻഷൻ കമ്പനിയും കൂടി മാത്രം 43,000 കോടിയോളം രൂപ കടമെടുത്തിരിക്കുന്നത്. ബജറ്റിന് പുറമെയുള്ള കടമാണിത്. കിഫ്ബി ഏറ്റെടുത്ത പ്രവർത്തികള്‍ പൂർത്തികരിക്കാൻ 55,000 കോടി രൂപയോളം ഇനി കടമെടുക്കേണ്ടി വരും. പിണറായി സർക്കാർ 2026 ൽ കാലാവധി പൂർത്തിയാകുമ്പോൾ ബജറ്റിന് പുറമേയുള്ള കടബാധ്യത കൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിന്റെ ആകെ കടബാധ്യത ആറുലക്ഷം കോടി രൂപ കവിയും.
കടബാധ്യത ഒരുവശത്ത് ഉയരുമ്പോഴും കുടിശിക മറുവശത്ത് കുമിഞ്ഞുകൂടുകയാണ്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരുലക്ഷം കോടിയോളം രൂപ കുടിശികയായി നൽകാനുണ്ട്. കരാറുകാർക്കും 30,000 കോടിയോളം രൂപ കുടിശികയുണ്ട്. മൂന്നുമാസത്തെ ക്ഷേമപെൻഷൻ കുടിശികയാണ്. ക്ഷേമപെൻഷൻ കുടിശിക കൊടുക്കാൻ 3000 കോടിയോളം രൂപ കണ്ടെത്തണം. കറണ്ട് ചാർജ്, വാട്ടർ ചാർജ്, ബസ് ചാർജ്, ഭൂനികുതി, മോട്ടോർവാഹന നികുതി ഇവയെല്ലാം കുത്തനെ കൂട്ടിയിട്ടും കോടിക്കണക്കിന് രൂപയാണ് കേരളത്തിന്റെ കടബാധ്യതയായി ഉയർന്നത്.
ജനങ്ങൾക്ക് കിട്ടേണ്ട് ആനുകൂല്യങ്ങൾ പരമാവധി തടഞ്ഞ് അവരുടെ കൈയിൽ നിന്നും പരമാവധി ഊറ്റിയെടുക്കുന്ന ധനകാര്യ മാനേജ്‌മെന്റാണ് കെ.എൻ. ബാലഗോപാൽ പയറ്റുന്നത്. ധൂർത്തും അഴിമതിയും നികുതി പിരിവിലെ കെടുകാര്യസ്ഥതയുമാണ് കടബാധ്യത ഇത്രയും ഉയരുന്നതിന്റെ പ്രധാന കാരണം. കടബാധ്യത അടുത്ത സർക്കാരിന്റെ ചുമലിലേക്ക് പരമാവധി ചാരുന്ന രീതിയിലാണ് ഇപ്പോഴത്തെ ധനവകുപ്പ് ഭരണം.