News

ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടില്‍ നടത്തിച്ചു, കൊച്ചിയില്‍ തൊഴില്‍ പീഡനം

Story Highlights
  • ചവച്ചുതുപ്പുന്നത് നക്കണം, പരസ്പരം ലൈംഗികാവയവത്തിൽ പിടിച്ചുനിൽക്കണം; തൊഴിലാളികൾ നേരിട്ടത് കൊടുംക്രൂരത

കൊച്ചി: കൊച്ചിയില്‍ ടാര്‍ഗെറ്റിന്റെ പേരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കടുത്ത തൊഴില്‍ പീഡനം. കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെപ്പോലെ മുട്ടില്‍ നടത്തിച്ചു. കാലൂരിലെ ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ജീവനക്കാതെ മുട്ടുകാലില്‍ നടത്തി, നിലത്തുനിന്ന് നാണയങ്ങളും ചീഞ്ഞ പഴങ്ങളും അടക്കം നക്കിയെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. ഇവിടെയുള്ള ജീവനക്കാരെ വിവിധ ഇടങ്ങളില്‍ കമ്പനിയുടെ തന്നെ താമസ സ്ഥലത്താണ് താമസിപ്പിച്ചിരുന്നത്. ടാര്‍ഗെറ്റ് നേടാത്ത ജീവനക്കാരെ സ്ഥിരമായി ക്രൂര പീഡനത്തിന് ഇരയാക്കാറുണ്ടെന്നാണ് ജീവനക്കാര്‍ അടക്കം പറയുന്നത്. തുച്ഛമായ ശമ്പളം നൽകിയാണ് 12 മണിക്കൂർ വരെ അടിമപ്പണിയെടുപ്പിക്കുന്നത്.

കാലത്ത് അഞ്ച് മണിക്ക് എഴുന്നേൽക്കണം. ഏഴ് മണിക്കകം സർക്കിളിൽ എത്തണം. പിന്നെ വിചാരണ ആണ്, നിബന്ധനകൾ ഏറെയുണ്ട്. അസഭ്യം പറഞ്ഞും, കണ്ട് നിൽക്കാൻ സാധിക്കാത്ത തരത്തിലുള്ള ശിക്ഷകൾ നൽകിയും ആണ് ഇവരെ തൊഴിൽ ചൂഷണത്തിന് വിധേയരാക്കുന്നത്. ബിസ്കറ്റ് വെള്ളത്തിൽ മുക്കി തറയിലിട്ട് അത് നക്കിക്കുക, നിലത്തിട്ട കോയിൻ നക്കിക്കൊണ്ട് മുട്ടിൽ ഇഴയിക്കുക, ചീഞ്ഞ പഴത്തിൽ തുപ്പി അത് നക്കിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന ശിക്ഷകളാണ് വിദ്യാ‍ർഥികൾക്ക് നൽകുകയെന്ന് ചൂഷണത്തിന് ഇരയായവ‍ർ പറയുന്നു. അ‍ർധന​ഗ്നരാക്കി നി‍ർത്തി മർദ്ദിച്ചും, തെറിവിളിച്ചും ചൂഷണം തുടരും. എന്നാൽ, പുറത്തുപറയാൻ പേടിച്ചിരുന്നത് മേലുദ്യോ​ഗസ്ഥരുടെ സ്വാധീനത്തെ ഭയന്നാണെന്ന് ഇരകളായ യുവാക്കൾ പറയുന്നു.

സംഭവത്തില്‍ തൊഴില്‍ വകുപ്പ് ഇടപെടല്‍ നടത്തുമെന്ന് അറിയിച്ചു. കമ്പനിയുടെ വിവിധ ബ്രാഞ്ചുകളില്‍ പരിശോധന നടത്തുമെന്നാണ് തൊഴില്‍ വകുപ്പ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഫോര്‍ട്ടുകൊച്ചി, പെരുമ്പാവൂര്‍ ശാഖകളിലും പരിശോധന നടത്തുമെന്നാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്.