News

മകളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ പിണറായി വിജയന് ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല; പിണറായി രാജി വയ്ക്കണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ എസ്.എഫ്.ഐ.ഒ പ്രതി ചേർത്തത് അതീവ ഗൗരവതരമായ വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സേവനം നൽകാതെ പ്രതിഫലം കൈപ്പറ്റിയെന്ന ആരോപണം ശരിവയ്ക്കുന്നതാണ് എസ്.എഫ്.ഐ.ഒ കുറ്റപത്രം. പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയുടെ മകൾ ചെയ്തത്.

മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ മാത്രമാണ് വീണ വിജയൻ്റെ കമ്പനിക്ക് ഒരു സേവനവും നൽകാതെ 2.7 കോടി രൂപലഭിച്ചത്. ഈ സാഹചര്യത്തിൽ അഴിമതി നടത്തിയതിൻ്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് മകൾ പ്രോസിക്യൂഷൻ നടപടികൾ നേരിടുന്നതിനെ എങ്ങനെ ന്യായീകരിക്കും?

മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ ഇത്രനാൾ ന്യായീകരിച്ചവർക്ക് ഇനി എന്ത് പറയാനുണ്ട്? ഇത്രയും ഗുരുതര വിഷയത്തിൽ സി.പി.എം കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.