Kerala Government News

നിയമസഭയിൽ ഇ.എം.എസ് സ്മൃതി; ചെലവ് 2.25 കോടി

തിരുവനന്തപുരം: നിയമസഭയിൽ ഇ.എം.എസ് സ്മൃതി വിഭാഗത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടത്താൻ നിർദേശം നൽകി സ്പീക്കർ എ.എൻ. ഷംസീർ. 2.25 കോടിയാണ് നിർമാണ ചെലവ്. ആദ്യം തീരുമാനിച്ചതിൽ നിന്നും മൂന്നിരട്ടിയാണ് ഇപ്പോഴുള്ള ചെലവ്. ഇതിന്റെ ആദ്യഗഡുവായി 20 ശതമാനം തുകയായ 45 ലക്ഷം ഇന്ററാക്ടീവ് മ്യൂസിയം ഓഫ് കൾച്ചറൽ ഹിസ്റ്ററി ഓഫ് കേരളയുടെ ട്രഷറി അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവിറങ്ങി. നിയമസഭ സെക്രട്ടേറിയറ്റിൽ നിന്ന് മാർച്ച് 19നാണ് ഉത്തരവ് ഇറങ്ങിയത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിയമസഭയിൽ ഇഎംഎസ് സ്മൃതി നിർമ്മാണത്തിന് തീരുമാനിച്ചിരുന്നു. 82 ലക്ഷം രൂപ ആയിരുന്നു ചെലവ്. ആ തുകയാണ് ഇപ്പോൾ ഉയർന്നത് 2.25 കോടിയായത്. പാർട്ടി ചാനലിലെ പ്രമുഖനായിരുന്നു നിർമ്മാണ ചുമതല. ഇത് വിവാദമായതിനെ തുടർന്ന് അന്ന് സ്മൃതി നിർമ്മാണം സർക്കാർ ഉപേക്ഷിച്ചു. 7 ലക്ഷം രൂപ മുടക്കി നിർമ്മിച്ച കുട്ടികളുടെ ലൈബ്രറി പൊളിച്ചു മാറ്റിയാണ് ഇ.എം.എസ് സ്മൃതി നിർമ്മിക്കാൻ തീരുമാനിച്ചത്.

Kerala Niyamasabha EMS Memorial Project

അന്ന് ഉപേക്ഷിച്ച തീരുമാനം എത്രയും വേഗം നടപ്പിലാക്കാൻ പാർട്ടി സ്പീക്കർക്ക് നിർദ്ദേശം നൽകിയതോടെയാണ് തിടുക്കത്തിൽ ഇ.എം.എസ് സ്മൃതി നിർമ്മാണം നടത്താൻ ഷംസീർ തീരുമാനിച്ചത്. ഭരണത്തിന്റെ കാലാവധി തീരാൻ 12 മാസം മാത്രം ആണ് അവശേഷിക്കുന്നത്.

ഭരണം മാറിയാൽ ഇഎംഎസ് സ്മൃതി നിർമ്മാണം നടക്കില്ലെന്നും അതുകൊണ്ട് എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നുമാണ് സർക്കാർ നിർദ്ദേശം. സർക്കാരിന്റെ അവസാനകാലത്ത് സിപിഎം നേതാക്കളുടെ പേരിലുള്ള പ്രോജക്റ്റുകൾക്ക് പരമാവധി തുക അനുവദിച്ച് നിർമാണം തീർക്കാനാണ് സർക്കാർ നീക്കം. സാമ്പത്തിക പ്രതിസന്ധിയെ അവഗണിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് സർക്കാരിന്റെ അവസാനകാലത്ത് സംഭവിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ഇ.എം.എസ് സ്മൃതി പ്രോജക്റ്റ്.