News

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചന വിവാദം: കഴകക്കാരന്‍ രാജിവച്ചു

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതിവിവേചനം നേരിട്ട കഴകക്കാരന്‍ ആര്യനാട് സ്വദേശി ബി.എ. ബാലു രാജിവെച്ചു. ഇന്ന് പുലര്‍ച്ചെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് രാജികത്ത് കൈമാറുകയായിരുന്നു.

ഇന്ന് ജോലിയില്‍ തിരികെ പ്രവേശിക്കാനിരിക്കെയാണ് ബാലു രാജിവെച്ചത്. ആരോഗ്യകാരണങ്ങളും വ്യക്തിപരമായ കാരണങ്ങളാലും കാണിച്ചാണ് രാജി. ഇക്കാരണങ്ങളാല്‍ തല്‍സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്നും രാജി സ്വീകരിക്കണമെന്നുമാണ് ബാലു ആവശ്യപ്പെട്ടത്.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമനത്തെ തുടര്‍ന്ന് ഫെബ്രുവരി 24നാണ് ബാലു കൂടല്‍മാണിക്യത്തില്‍ കഴകക്കാരനായി ചുമതലയേറ്റത്. പിന്നാലെ ബാലുവിന്റെ നിയമനത്തിനെതിരെ തന്ത്രിമാരും വാര്യര്‍ സമാജവും രംഗത്തെത്തിയതോടെ അദ്ദേഹത്തെ ഓഫീസ് ഡ്യൂട്ടിയിലേക്ക് മാറ്റിയിരുന്നു. ഈഴവനാണ് ചൂണ്ടിക്കാട്ടിയാണ് ബാലുവിന്റെ നിയമനത്തെ തന്ത്രിമാര്‍ എതിര്‍ത്തത്.

ഫെബ്രുവരി 24 മുതല്‍ ഇരിങ്ങാലക്കുടയിലെ ആറ് തന്ത്രി കുടുംബ അംഗങ്ങള്‍ ക്ഷേത്ര ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടക്കേണ്ടതിനാല്‍ മാര്‍ച്ച് ഏഴിന് ഭരണസമിതി ചര്‍ച്ച വിളിച്ചു. തുടര്‍ന്നാണ് ബാലുവിനെ ഓഫീസ് ജോലികളിലേക്ക് മാറ്റാനുള്ള തീരുമാനം ഉണ്ടായത്.

തുടര്‍ന്ന് ബാലു അവധിയില്‍ പ്രവേശിക്കുകയും സംഭവം വിവാദമാകുകയുമായിരുന്നു. ക്ഷേത്രത്തിലെ ജാതി വിവേചനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അതേസമയം ജാതിവിവേചനം നേരിട്ടതായി തനിക്ക് തോന്നുന്നില്ലെന്നും താന്‍ മുഖേന ക്ഷേത്രങ്ങളിലെ ചടങ്ങുകള്‍ മുടങ്ങരുതെന്നുമാണ് ബാലു നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ മുന്‍ ദേവസ്വം കെ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടല്‍മാണിക്യത്തിലെ ജാതിവിവേചനത്തില്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.