
PSC ചെയർമാന്റെയും അംഗങ്ങളുടെയും പെൻഷൻ വർദ്ധിപ്പിക്കും; 2 ലക്ഷത്തിലേക്ക് | Kerala PSC
തിരുവനന്തപുരം: പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും പെൻഷൻ വർദ്ധിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട ഫയൽ ഈമാസം മന്ത്രിസഭയുടെ പരിഗണനക്ക് വെക്കാൻ മുഖ്യമന്ത്രി ധനമന്ത്രി കെ.എൻ. ബാലഗോപാലിന് നിർദ്ദേശം നൽകി. രണ്ടുലക്ഷം രൂപയാണ് വിരമിച്ച ചെയർമാന് പെൻഷന് ലഭിക്കുക. അംഗങ്ങൾക്ക് 1.90 ലക്ഷം രൂപയും ലഭിക്കും. പെൻഷൻ പരിഷ്‌കരണത്തിന് മുൻകാല പ്രാബല്യം ഉണ്ടായിരിക്കും. 2025 ജനുവരി മുതൽ ഉള്ള പ്രാബല്യമാണ് ലഭിക്കുക. പെൻഷൻ പരിഷ്‌കരണ കുടിശികയായി ഓരോ അംഗത്തിനും നാല് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ ലഭിക്കും.
ഇതുകൂടാതെ മുൻകാലങ്ങളിലുള്ളത് പോലെ ഇവരുടെ ആജീവനാന്ത ചികിത്സാ ചെലവുകളും സർക്കാർ വഹിക്കും. കേന്ദ്രനിരക്കിലെ ക്ഷാമആശ്വാസമാണ് ഇവർക്ക് അടിസ്ഥാന പെൻഷനോടൊപ്പം ലഭിക്കുക. ഒരു വർഷത്തിൽ രണ്ട് പ്രാവശ്യമാണ് കേന്ദ്രത്തിൽ ക്ഷാമആശ്വാസം വർദ്ധിപ്പിക്കുക. ജനുവരിയിലും ജൂലൈയിലുമാണ് ക്ഷാമ ആശ്വാസ വർധനവ് ഉണ്ടാകുക. കേന്ദ്രത്തിൽ ക്ഷാമ ആശ്വാസം വർദ്ധിപ്പിക്കുന്നത് അനുസരിച്ച് വിരമിച്ച ചെയർമാന്റെയും അംഗങ്ങളുടെയും ക്ഷാമആശ്വാസവും വർദ്ധിക്കും. ഫലത്തിൽ ഒരുവർഷം രണ്ടുതവണ ഇവർക്ക് പെൻഷന് വർധനവ് ഉണ്ടാകും.
പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളും 2025 ഫെബ്രുവരിയിൽ കുത്തനെ വർധിപ്പിച്ചിരുന്നു. അടിസ്ഥാന ശമ്പളത്തോടൊപ്പം കേന്ദ്രനിരക്കിലെ ക്ഷാമബത്തയും എച്ച്.ആർ.എ, കൺവെയൻസ് അലവൻസ് എന്നിവയും ഇവർക്ക് ലഭിക്കും. ചെയർമാന്റെ ശമ്പളം നാല് ലക്ഷമായി, അംഗങ്ങളുടെ ശമ്പളം 3.75 ലക്ഷമായും ഉയർന്നിരുന്നു.
കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വർദ്ധിപ്പിച്ചതോടെ പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും വർദ്ധിക്കും. പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും കേന്ദ്ര നിരക്കിലാണ് ക്ഷാമബത്ത അനുവദിക്കുന്നത്.
കേന്ദ്ര ജീവനക്കാർക്ക് ക്ഷാമബത്ത 2 ശതമാനമാണ് വർദ്ധിപ്പിച്ചത്. ഇതോടെ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയർന്നു. 2025 ജനുവരി മുതലുള്ള ക്ഷാമബത്ത കുടിശിക ഇവർക്ക് പണമായി ലഭിക്കും. കേന്ദ്ര നിരക്കിലെ ക്ഷാമബത്ത ലഭിക്കുന്നതോടെ പി.എസ്.സി ചെയർമാന്റെ ക്ഷാമബത്ത 1,23,255 രൂപയായി.
ചെയർമാന്റെ അടിസ്ഥാന ശമ്പളം 2,24,100 രൂപയാണ്. അതിന്റെ 55 ശതമാനം ക്ഷാമബത്തയായി ലഭിക്കും. പി.എസ്.സി അംഗങ്ങളുടെ ക്ഷാമബത്ത 1,20,500 രൂപയായി ഉയരും. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 2,19,090 രൂപയാണ്.