News

സാമ്പത്തിക വർഷം തുടക്കത്തിൽ തന്നെ കടം എടുക്കാൻ കെ.എൻ. ബാലഗോപാൽ

Story Highlights
  • 45000 കോടിയാണ് ഈ സാമ്പത്തിക വർഷം കടം എടുക്കാൻ സാധിക്കുക

സാമ്പത്തിക വർഷത്തിൻ്റെ ആദ്യ മാസം തന്നെ കടം എടുക്കാൻ ഒരുങ്ങി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ശമ്പളവും പെൻഷനും കൊടുക്കാനുള്ള പണം മാത്രമേ സർക്കാരിൻ്റെ കയ്യിൽ ഉള്ളു. അതുകൊണ്ട് തന്നെ എത്രയും വേഗം കടം എടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. റിസർവ് ബാങ്കിൽ നിന്ന് വെയ്സ് ആൻഡ് മീൻസ് അഡ്വാൻസും നികുതി വരുമാനങ്ങളും ട്രഷറിയിൽ ബാക്കിയുണ്ടായിരുന്ന തുകയും വച്ചാണ് സർക്കാർ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നത്.

കടമെടുപ്പിന് അനുമതി വൈകിയാൽ റിസർവ് ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുക്കേണ്ടി വരും. 45000 കോടിയാണ് ഈ വർഷം സർക്കാരിന് കടം എടുക്കാൻ സാധിക്കുക. കിഫ്ബിയുടേയും മറ്റ് വായ്പയുടേയും പേരിൽ കേന്ദ്രം കടമെടുപ്പ് തുക വെട്ടിക്കുറക്കുമോ എന്ന ആശങ്കയും സംസ്ഥാനത്തിനുണ്ട്. 20000 കോടിയുടെ വായ്പ കിഫ്ബി എടുത്തിട്ടുണ്ട്. എടുക്കാനുള്ള കടത്തിനു പുറമേയാണ് കിഫ് ബി യുടെ 20000 കോടി വായ്പ . കടമെടുപ്പിനായി കേന്ദ്രാനുമതി ലഭിക്കാനുണ്ട്.

കഴിഞ്ഞ വർഷം ഏറെ വൈകിയാണ് കടമെടുപ്പിനുള്ള അനുമതി കേന്ദ്രത്തിൽ നിന്നു ലഭിച്ചത്. മുൻപ് സാമ്പത്തിക വർഷം ആരംഭിക്കുന്നതിനു മുൻപ് തന്നെ അനുമതി ലഭിക്കുമായിരുന്നു. ഇക്കുറിയും വൈകിയാണ് അനുമതി ലഭിക്കുന്നതെങ്കിൽ സർക്കാർ പുതുവർഷത്തിൻ്റെ തുടക്കത്തിൽ പ്രതിസന്ധിയിലാകും. തെരഞ്ഞെടുപ്പ് വർഷം പ്രതിസന്ധിയിൽ ആകാതിരിക്കാൻ എത്രയും വേഗം കടമെടുക്കാൻ അനുമതി ലഭ്യമാക്കാനാണ് ധനവകുപ്പിൻ്റെ നീക്കം.

2024- 25 സാമ്പത്തിക വർഷം 37512 കോടിയായിരുന്നു കടമെടുപ്പ് പരിധിയെങ്കിലും 48864 കോടി രൂപ കേരളം കടം എടുത്തിരുന്നു. കേന്ദ്രം പല ഘട്ടങ്ങളിലാണ് കടമെടുപ്പ് തുക ഉയർത്തി കൊടുത്തിരുന്നു.