CricketIPLSports

കോലിയെ അനുകരിച്ച് ‘ദിഗ്‌വേഷ്‌’; പണികൊടുത്ത് ബിസിസിഐ, വിമർശിച്ച് ഗവാസ്കർ

വിരാട് കോലി പ്രശസ്തമാക്കിയ ‘നോട്ട് ബുക്ക് സെലിബ്രേഷൻ’ അനുകരിച്ച് ലക്നൗ സൂപ്പർ ജെയ്ൻസ് താരം ദിഗ്‌വേഷ് രതി. പഞ്ചാബ് കിംഗ്സിൻ്റെ ഓപ്പണർ പ്രിയാൻഷ് ആര്യയെ പുറത്താക്കിയ ശേഷമായിരുന്നു ദിഗ്‌വേഷ്‌ നോട്ട്ബുക്കിൽ എഴുതുന്ന രീതിയിൽ ആഘോഷിച്ചത്. ഈ ആഘോഷത്തെ ഫീൽഡ് അമ്പയർ വിലക്കുകയും മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു.

മൽസരത്തിനു പിന്നാലെ ബിസിസിഐ ദിഗ്‌വേഷ് രതിക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിൻ്റും ഏർപ്പെടുത്തി. ഡൽഹി പ്രീമിയർ ടീമിൽ ദിഗ്‌വേഷ്‌ രതിയുടെ സഹതാരമായ പ്രിയാൻഷ് ആര്യ ഒരോവറിലെ ആറു പന്തും സിക്സടിച്ച് ശ്രദ്ധ നേടിയിട്ടുണ്ടായരുന്നു.

ലക്നൗവിനെതിരെയുള്ള മൽസരത്തിൽ ദിഗ്‌വേഷിന്റെ പന്തിൽ പ്രിയാൻഷ് ബൗണ്ടറി നേടിയിരുന്നു, മറ്റൊരു പന്തിൽ ഷാർദുൽ താക്കൂറിന്റെ കൈകളിലെത്തിച്ചിട്ടായിരുന്നു ദിഗ്‌വേഷ് ഈ ആഘോഷപ്രകടനം നടത്തിയത്. മൽസരത്തിൽ പഞ്ചാബ് 8 വിക്കറ്റുകൾക്ക് വിജയിച്ചു.

2017-ൽ ജമൈക്കയിൽ വച്ചു നടന്ന ഇൻഡ്യ – വെസ്റ്റ് ഇൻഡീസ് മൽസരത്തിൽ വിരാട് കോലിയും ക്രെസിക് വില്യംസും തമ്മിലുണ്ടായതാണ് നോട്ട്ബുക്ക് സെലിബ്രേഷൻ്റെ തുടക്കം, കോലിയെ പുറത്താക്കിയ വില്യംസ് ഒരു സാങ്കൽപിക നോട്ട്ബുക്കിൽ കുറിച്ചിടുന്ന രീതിയിലുള്ള ആഘോഷ പ്രകടനമായിരുന്നു ഇത്. 2019 ഡിസംബറിലാണ് കോലി ഇതിനു തിരിച്ചടി നൽകിയത്, ഹൈദരാബാദിൽ വച്ചു നടന്ന ട്വന്റി 20 മൽസരത്തിൽ വില്യംസിന്റെ പതിനാറാം ഓവറിൽ ആദ്യ രണ്ടു ബൗണ്ടറികൾ നേടിയ കോലി ഇതേ ആഘോഷരീതി പ്രകടിപ്പിച്ചു. ആ മൽസരത്തിൽ ഇന്ത്യ റെക്കോഡ് റൺ ചെയ്സാണ് വെസ്റ്റ് ഇൻഡീസിനെതിരെ നേടിയത്. ഈ ആഘോഷ രീതി ഇതിനും മുൻപ് കരീബിയൻ പ്രീമിയർ ലീഗിലും നടന്നിരുന്നു.

കമന്ററി ബോക്സിലുണ്ടായിരുന്ന സുനിൽ ഗവാസ്കർ ദിഗ്വേഷിന്റെ ഈ ആഘോഷരീതിയെ വിമർശിച്ചിരുന്നു. ബൗണ്ടറി നേടിയതിനു ശേഷം തൊട്ടടുത്ത പന്തിലായിരുന്നു പുറത്താക്കിയിരുന്നതെങ്കിൽ ഇത്തരത്തിലുളള ആഘോഷത്തിന് പ്രസക്തിയുണ്ടായിരുന്നു എന്ന് അഭിപ്രായപ്പെട്ട ഗവാസ്കർ കോലി – വില്യംസ് ആഘോഷത്തിന്റെ സാഹചര്യത്തെക്കുറച്ചും വാചാലനായി.

മൽസരത്തിൽ ലക്നൗ ടീമിനു പരാജയം കൂടി ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ പഞ്ചാബ് ആരാധകകരുടെ ട്രോൾ മഴ ദിഗ്‌വേഷിൽ മാത്രം ഒതുക്കാതെ ടീമിനും കൂടി പകുത്തു നൽകി. മോശം ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ഋഷഭ് പന്തിനുളള വിമർശനങ്ങളും പ്രതിഷേധങ്ങളും കൂടി ഒന്നിച്ചു വാങ്ങുകയാണ് ലക്നൗ സൂപ്പർ ജയ്ൻറ്സ് ടീം.