
ന്യൂനപക്ഷ ക്ഷേമത്തിന്റെ പദ്ധതി ചെലവ് വെറും 41 % മാത്രം! 51 കോടി വെട്ടിക്കുറച്ച് കെ.എൻ. ബാലഗോപാൽ
ന്യൂനപക്ഷ ക്ഷേമത്തിന്റെ പദ്ധതി ചെലവ് 50 ശതമാനത്തിൽ താഴെ. 41.8 ശതമാനം ആണ് ന്യൂനപക്ഷ ക്ഷേമത്തിന്റെ പദ്ധതി ചെലവ്. 87.63 കോടിയായിരുന്നു ന്യൂനപക്ഷ ക്ഷേമത്തിന് 2024- 25 പദ്ധതിയിൽ വകയിരുത്തിയത്. ഇതിൽ 36.63 കോടി മാത്രമാണ് ന്യൂനപക്ഷ ക്ഷേമത്തിന് നൽകിയതെന്ന് പ്ലാനിംഗ് ബോർഡ് കണക്കുകൾ നിന്ന് വ്യക്തം. സാസത്തിക വർഷത്തിന്റെ അവസാന ദിവസത്തെ കണക്കുകൾ പ്രകാരം ന്യൂനപക്ഷ ക്ഷേമത്തിന്റെ 51 കോടിയാണ് കെ.എൻ. ബാലഗോപാൽ വെട്ടിക്കുറച്ചത്.
ന്യൂനപക്ഷ വിഭാഗങ്ങളുടെ 9 ഓളം സ്കോളർഷിപ്പുകൾ 50 ശതമാനം കെ.എൻ. ബാലഗോപാൽ വെട്ടിക്കുറച്ചത് മലയാളം മീഡിയ ലൈവ് പുറത്ത് വിട്ടിരുന്നു. പ്രതിപക്ഷവും ന്യൂനപക്ഷ സംഘടനകളും ഇതിനെതിരെ ശക്തമായി രംഗത്ത് വന്നതോടെ സ്കോളർഷിപ്പ് തുക പിന്നിട് പൂർണ്ണമായി പുനഃസ്ഥാപിച്ചു.
പക്ഷേ പുനഃസ്ഥാപിച്ച സ്കോളർഷിപ്പ് തുക പോലും ബാലഗോപാൽ പൂർണ്ണമായി നൽകിയില്ലെന്ന് പ്ലാനിംഗ് ബോർഡിന്റെ പ്ലാൻ സ്പേസ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. പദ്ധതിക്ക് വകയിരുത്തിയ തുക ധനവകുപ്പിൽ നിന്ന് നേടിയെടുക്കുന്നതിൽ ന്യൂനപക്ഷ ക്ഷേമത്തിൻ്റ ചുമതലയുള്ള മന്ത്രി വി. അബ്ദു റഹിമാൻ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നതിന്റെ തെളിവാണ് പദ്ധതി ചെലവ് അമ്പത് ശതമാനത്തിൽ താഴെയായത് എന്ന് വ്യക്തം.