
പദ്ധതി ചെലവ് 63 ശതമാനം മാത്രം! ഉറക്കം തൂങ്ങി ധനവകുപ്പും കെ.എൻ. ബാലഗോപാലും
ധനവകുപ്പും കെ എൻ ബാലഗോപാലും ഉറക്കം തൂങ്ങിയതോടെ പദ്ധതി ചെലവ് അതിദയനീയം. സാമ്പത്തിക വർഷത്തെ അവസാന പ്രവൃത്തി ദിനം അവസാനിക്കുമ്പോൾ പദ്ധതി ചെലവ് 63.67 ശതമാനം മാത്രമെന്ന് പ്ലാൻ സ്പേസ് രേഖകൾ വ്യക്തമാക്കുന്നു.
21838 കോടിയുള്ള സ്റ്റേറ്റ് പ്ലാനിൻ്റെ ചെലവാകട്ടെ 61.6 ശതമാനം മാത്രമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 74.93 ശതമാനവും കേന്ദ്രാവിഷ്കൃത പദ്ധതി ചെലവ് 57.72 ശതമാനവും മാത്രം.
27 മുതൽ ട്രഷറിയിൽ പുതിയ ബില്ലുകൾ സ്വീകരിക്കുന്നില്ല. 27 മുതൽ ട്രഷറിയിൽ പുതിയ ബില്ല് എത്തിയാൽ ടോക്കൺ നൽകി മടക്കി അയക്കുന്ന രീതിയാണ് ധനവകുപ്പ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ഇന്നും നാളെയും ട്രഷറി തുറന്ന് പ്രവർത്തിക്കുമെന്ന് ബാലഗോപാൽ പറയുന്നെണ്ടെങ്കിലും പദ്ധതി ചെലവ് ഉയരില്ല.
സംസ്ഥാനം സാമ്പത്തിക ഭദ്രതയിൽ എന്ന് ബാലഗോപാൽ അവകാശപ്പെടുമ്പോഴാണ് പദ്ധതി ചെലവിൽ വ്യാപകമായ കുറവ് ഉണ്ടായതെന്നതാണ് വിരോധാഭാസം. പദ്ധതികൾ 50 ശതമാനം വെട്ടിക്കുറച്ചിട്ടും സർവ്വ മേഖലയിലും കുടിശിക ആക്കിയിരിക്കുകയാണ് സർക്കാർ.
ധൂർത്തും അഴിമതിയും കെടു കാര്യസ്ഥതയും അടിമുടി മുന്നിട്ട് നിൽക്കുകയാണ്. നാല് വർഷം ധനകസേരയിൽ ഇരുന്നിട്ടും ധനകാര്യ മാനേജ്മെൻ്റ് ബാലഗോപാലിന് വഴങ്ങാത്തത് പ്രതിസന്ധിയുടെ ആഴം കൂട്ടി.