Kerala Government News

ശമ്പള പരിഷ്‌കരണ കുടിശിക: ഒന്നും രണ്ടും ഗഡുക്കൾ അനുവദിച്ച് ഉത്തരവിറങ്ങി! പിൻവലിക്കാൻ സാധിക്കുന്നത് അടുത്ത സർക്കാരിന്റെ കാലത്ത്‌ മാത്രം

ശമ്പള പരിഷ്‌കരണ കുടിശികയുടെ ഒന്നും രണ്ടും ഗഡുക്കൾ അനുവദിച്ച് ഉത്തരവിറങ്ങി. 11ാം ശമ്പളപരിഷ്‌കരണ പ്രകാരമുള്ള ശമ്പള പരിഷ്‌കരണ കുടിശികയുടെ ഒന്നും രണ്ടും ഗഡുക്കളാണ് (25 ശതമാനം വീതം) അനുവദിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ധന പേ റിവിഷൻ സെല്ലിൽ നിന്ന് പുറത്തിറങ്ങി.

2019 ലെ ശമ്പള പരിഷ്‌കരണ കുടിശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം ജീവനക്കാരുടെ പി.എഫിൽ ലയിപ്പിക്കും എന്ന് കെ.എൻ. ബാലഗോപാൽ ബജറ്റിൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഉത്തരവ് ഇറങ്ങുന്നതിൽ കാലതാമസം നേരിട്ടു. ഇതുസംബന്ധിച്ച് മലയാളം മീഡിയ കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തിക വർഷത്തിന്റെ അവസാന പ്രവൃത്തി ദിവസമായ 29ന് തിരക്കുപിടിച്ച് ധനവകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയത്.

ഒന്നും രണ്ടും ഗഡുക്കൾ ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കാനാണ് ഉത്തരവ്. എന്നാൽ, ഈ തുക ജീവനക്കാർക്ക് പിൻവലിക്കാൻ സാധിക്കുന്നത് 2026 ഏപ്രിൽ മാസത്തിന് ശേഷം മാത്രമാണ്. അല്ലെങ്കിൽ വിരമിച്ചതിന് ശേഷം. ഇതിലേതാണോ ആദ്യം വരുന്നത് അപ്പോഴേ ഈ തുക പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ഇതോടെ ശമ്പള പരിഷ്‌കരണ കുടിശികയുടെ ആദ്യ രണ്ട് ഗഡുക്കൾ കൊടുക്കേണ്ട ഉത്തരവാദിത്തവും അടുത്ത സർക്കാരിന്റെ ചുമതലയിൽ ആയിരിക്കുകയാണ്. കുടിശികയുടെ ഇനിയുള്ള മൂന്നും നാലും ഗഡുക്കൾ എന്ന് കിട്ടുമെന്ന് പോലും വ്യക്തമല്ല. അതിനെക്കുറിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ മൗനം പാലിക്കുകയാണ്.

Pay Revision Arrear - Approved Kerala Government Staff

ലീവ് സറണ്ടറും പി.എഫിൽ ലയിപ്പിച്ച് കഴിഞ്ഞ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാൽ അതും പിൻവലിക്കാൻ സാധിക്കുന്നത് 2029 ൽ മാത്രമാണ്. ജീവനക്കാരുടെ കുടിശികയായ ആനുകൂല്യങ്ങൾ എല്ലാം തന്നെ അടുത്ത സർക്കാരിലേക്ക് ഏൽപ്പിക്കുന്ന ധനകാര്യ മാനേജ്‌മെന്റാണ് ബാലഗോപാലിന്റേത്. ഇതോടെ ഈ സർക്കാരിന്റെ കാലത്ത് ഏതെങ്കിലും കുടിശിക കിട്ടുമെന്ന ജീവനക്കാരുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായിരിക്കുകയാണ്.

2023 ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ ലയിപ്പിക്കേണ്ടിയിരുന്ന കുടിശികയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശിക 4 തുല്യ ഗഡുക്കൾ ആയി നൽകും എന്നായിരുന്നു 2021 ഫെബ്രുവരിയിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. 2023 ഏപ്രിൽ, 2023 ഒക്ടോബർ, 2024 ഏപ്രിൽ, 2024 ഒക്ടോബർ എന്നീ മാസങ്ങളിൽ ശമ്പള പരിഷ്‌കരണ കുടിശിക വിതരണം ചെയ്യും എന്നായിരുന്നു ഉത്തരവ്.