
ആശമാരുടെ ഓണറേറിയം വർധിപ്പിക്കാൻ KPCCയുടെ സർക്കുലർ
തിരുവനന്തപുരം: കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം ഉയര്‍ത്താന്‍ ശ്രമിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ ഔദ്യോഗിക സര്‍ക്കുലര്‍. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് സര്‍ക്കുലര്‍ നല്‍കിയിട്ടുള്ളത്.
തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ സാമ്പത്തികശേഷിയനുസരിച്ച് ആശമാര്‍ക്ക് ഓണറേറിയം കൂട്ടി നല്‍കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ആശമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്നതില്‍ സ്ഥാപനങ്ങള്‍ വീഴ്ച വരുത്താന്‍ പാടില്ല എന്നും സര്‍ക്കുലറിലുണ്ട്.
ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണം എന്ന ആവശ്യമുള്‍പ്പെടെ സെക്രട്ടേറിയേറ്റിനുമുന്നില്‍ ആശമാര്‍ നടത്തിവരുന്ന സമരം 41-ാം ദിവസം പിന്നിടുമ്പോഴാണ് കെപിസിസിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു നീക്കം നടന്നത്. ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്കു നീളുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച മുടിമുറിച്ച് പ്രതിഷേധിച്ചുകൊണ്ട് സമരത്തിന് വേറിട്ടൊരു മുഖം നല്‍കാനുള്ള ഒരുക്കത്തിലാണ് ആശാവര്‍ക്കര്‍മാര്‍.
അതേസമയം ആശമാരുടെ സമരവും കെപിസിസിയുടെ സര്‍ക്കുലറും രണ്ടു കാര്യങ്ങളാണെന്ന് ആശാവര്‍ക്കര്‍മാരുടെ സമരനേതാവ് എം.എ ബിന്ദു പ്രതികരിച്ചു. ആശാവര്‍ക്കര്‍മാര്‍ സമരത്തിനിറങ്ങിയിട്ട് അമ്പത് ദിവസമായിട്ടും ജനാധിപത്യപരമായ രീതിയില്‍ ആ സമരത്തെ ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച മുടി മുറിച്ച് പ്രതിഷേധിക്കുന്നതെന്ന് ബിന്ദു പറഞ്ഞു.