Kerala Government News

ലീവ് സറണ്ടർ: ജീവനക്കാർക്ക് നഷ്ടപ്പെട്ടത് 6 മാസത്തെ പൂർണ്ണ ശമ്പളം

ലീവ് സറണ്ടർ ഇനത്തിൽ പിണറായി സർക്കാരിന്റെ കാലത്ത് ജീവനക്കാർക്ക് നഷ്ടപ്പെട്ടത് 6 മാസത്തെ പൂർണ്ണ ശമ്പളം. 2020-21 , 2021-22, 2022- 23, 2023- 24, 2024- 25 എന്നീ സാമ്പത്തിക വർഷങ്ങളിൽ ലീവ് സറണ്ടർ അനുവദിച്ചെങ്കിലും പി.എഫിൽ ലയിപ്പിക്കുകയാണ് ഉണ്ടായത്.

എന്നാൽ പി.എഫിൽ നിന്ന് പിൻവലിക്കാൻ സാധിക്കുന്നത് ആകട്ടെ അടുത്ത സർക്കാരിൻ്റെ കാലത്തും. ലീവ് സറണ്ടർ ലോക് ഇൻ പീരിഡിൽ എന്ന് വ്യക്തം. 2025- 26 സാമ്പത്തിക വർഷവും ലീവ് സറണ്ടർ അനുവദിച്ച് ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കി. ലീവ് സറണ്ടർ പി.എഫിൽ ലയിപ്പിക്കും. 2029 ൽ പിൻവലിക്കാമെന്നാണ് ഉത്തരവ്.

അതും അടുത്ത സർക്കാരിൻ്റെ തലയിൽ. ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആനുകൂല്യമാണ് ലീവ് സറണ്ടർ. ഒരു പിടുത്തവും ഇല്ലാതെ പൂർണ്ണ ശമ്പളം കിട്ടും എന്നായിരുന്നു ലീവ് സറണ്ടറിൻ്റെ ആകർഷണം. കുട്ടികൾക്ക് ഫീസ് കൊടുക്കാനും സ്ക്കൂൾ കോളേജ് തുറക്കുന്ന സമയങ്ങളിലെ ചെലവ് നിർവഹിക്കാനും ഏപ്രിൽ മാസം ലഭിക്കുന്ന ലീവ് സറണ്ടറെയാണ് ജീവനക്കാർ ആശ്രയിച്ചിരുന്നത്.

ആ ലീവ് സറണ്ടർ ആണ് ഇന്ന് പി.എഫിൽ ലയിപ്പിച്ചു അടുത്ത സർക്കാർ പണം തരുമെന്ന രീതിയിൽ ധനവകുപ്പ് ഉത്തരവിറക്കുന്നത്. പി.എഫിലേക്ക് പോയ പേ റിവിഷൻ അരിയർ ഇപ്പോഴും ലഭിച്ചിട്ടില്ല. 2021 ൽ പി.എഫിൽ ക്രഡിറ്റ് ചെയ്ത 4 ഗഡു ഡി.എ ( 16 %) ഇപ്പോഴും ലോക്കറിലാണ്. ലീവ് സറണ്ടർ പി.എഫിൽ ലയിപ്പിക്കുന്നതോടെ തുക കിട്ടിയതായി കണക്കാക്കി നികുതിയും ഈടാക്കും. പക്ഷേ പണം കയ്യിൽ കിട്ടാൻ പിന്നേയും വർഷങ്ങൾ കാത്തിരിക്കണം എന്നതാണ് അവസ്ഥ.

ലീവ് സറണ്ടർ ഉത്തരവിറങ്ങി; പണം നല്‍കേണ്ടത് അടുത്ത സർക്കാർ; പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ഉടൻ പണം