KeralaNews

‘എല്ലാരും ചെയ്യേണ്ട കാര്യമേ ഞാനും ചെയ്തുള്ളൂ’; ലോറിയിടിച്ചു പരുക്കേറ്റ സൈക്കിൾ യാത്രികന് താങ്ങായി നവ്യയും കുടുംബവും

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ മദ്യലഹരിയിൽ ഇടിച്ചുവീഴ്ത്തി കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് കേരളം. തിരുവോണ ദിനത്തിൽ വൈകിട്ടു നടന്ന അപകട വാർത്ത കേട്ട ഞെട്ടലിൽ ഇരിക്കവെയാണ് കാരുണ്യസ്പർശമുള്ള ഒരു സന്തോഷവാർത്ത പുറത്തുവന്നത്. നടി നവ്യ നായരാണ് ഈ സംഭവത്തിലെ നായിക.

ആലപ്പുഴയിലെ പട്ടണക്കാട് തിങ്കളാഴ്ച രാവിലെയാണു സംഭവം. ലോറിയിടിച്ചു പരുക്കേറ്റ സൈക്കിൾ യാത്രികനാണു നവ്യ നായരും കുടുംബവും തുണയായത്. ആ മനസ്സലിവിലാണു പട്ടണക്കാട് അഞ്ചാം വാർഡ് ഹരിനിവാസിൽ രമേശനു ജീവൻ തിരികെ കിട്ടിയതും. ‘‘എല്ലാവരും ചെയ്യേണ്ട കാര്യമേ ഞാനും ചെയ്തുള്ളൂ. റോഡിൽ അപകടം കണ്ടാൽ പരുക്കേറ്റയാളെ രക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്’’– നവ്യ നായർ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.

ഒപ്പം കാറിൽ സഞ്ചരിച്ച നവ്യയുടെ പിതാവ് ആണ് കാര്യങ്ങൾ വിശദീകരിച്ചത്. വീട്ടിലെ ഓണാഘോഷം കഴിഞ്ഞു ഞങ്ങൾ തിങ്കളാഴ്ച രാവിലെ കുടുംബസമേതം മുതുകുളത്തുനിന്നു കാറിൽ കൊച്ചിയിലേക്കു പോവുകയായിരുന്നു. നവ്യയെ കൂടാതെ നവ്യയുടെ ‘അമ്മ,സഹോദരൻ ,നവ്യയുടെ മോൻ എന്നിവരും ഉണ്ടായിരുന്നു. പട്ടണക്കാട്ടെത്തിയപ്പോൾ, ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഒരു ഹരിയാന റജിസ്ട്രേഷൻ ട്രെയിലർ സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ടു. ഇന്ത്യൻ കോഫി ഹൗസിനു സമീപമായിരുന്നു അപകടം. അമിതവേഗത്തിലാണു ട്രെയിലർ സഞ്ചരിച്ചിരുന്നത്. ട്രെയിലറിന്റെ പിൻഭാഗമാണ് ഇടിച്ചതെന്നു തോന്നുന്നു.

അപകടം നടന്നത് അറിയാതിരുന്നിട്ടാണോ ട്രെയിലർ ഡ്രൈവർ വണ്ടി നിർത്താതെ പോകുകയായിരുന്നു.ആ ട്രെയിലറിനെ വിടരുതെന്നു നവ്യയും മറ്റുള്ളവരും പറഞ്ഞു. അങ്ങനെ പിന്തുടർന്ന് പോയ് ട്രെയിലറിനെ ഓവർടേക്ക് ചെയ്തു മുൻപിൽ കാർ നിർത്തി. ഇതിനിടെ നവ്യ പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ചിരുന്നു. ഹൈവേ പോലീസും പട്ടണക്കാട് എസ് ഐയും വന്ന് സൈക്കിൾ യാത്രികനെ ആശുപത്രിയിലെത്തിക്കുകയും ഡ്രൈവറിനെ അറസ്റ് ചെയ്യുകയും ചെയ്തു.

കൺമുന്നിൽ അപകടം നടന്നിട്ടും കണ്ടില്ലെന്നു നടിച്ചു പോയാൽ ആ സൈക്കിൾ യാത്രക്കാരന്റെ ജീവിതം എന്താകുമെന്നു ഞങ്ങൾ ചിന്തിച്ചു. വിദേശത്തു കാണുന്നതുപോലെ വളരെ പെട്ടെന്നു ഹൈവേ പൊലീസ് എത്തി. കർമനിരതരായ ഹൈവേ പൊലീസിന്റെ ഇടപെടൽ പ്രശംസനീയമാണ്. ഇത്തരം സന്ദർഭങ്ങളിൽ മനുഷ്യപ്പറ്റോടെയാണു നമ്മൾ പെരുമാറേണ്ടത്. നമ്മളെല്ലാം വാഹനമോടിച്ചു പോകുന്നതാണല്ലോ. ഇങ്ങനെ ഇടപെടുന്നതൊന്നും അത്ര വലിയ കാര്യമല്ല. മൈനാഗപ്പള്ളിയിലെ അപകടവാർത്ത കണ്ടപ്പോൾ ഞെട്ടലുണ്ടായി. മനുഷ്യത്വമാണല്ലോ എപ്പോഴും വേണ്ടതെന്നും ഓർത്തു.’’– നവ്യയുടെ പിതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *