
ക്ഷാമബത്ത ശമ്പളത്തിന്റെ ഭാഗം; കുടിശിക എപ്പോൾ കൊടുക്കുമെന്ന് വ്യക്തമാക്കണമെന്ന് ട്രൈബ്യൂണൽ
തിരുവനന്തപുരം: ക്ഷാമബത്ത ശമ്പളത്തിന്റെ ഭാഗമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. ക്ഷാമബത്ത കൃത്യമായി നൽകണമെന്ന് പ്രഖ്യാപിച്ച കുടിശിക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ ജീവനക്കാരും സംഘടനകളും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ കൃത്യമായി മറുപടി നൽകാൻ സർക്കാരിന് സാധിക്കാതെ വന്നതോടെയാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഭാഗത്തുനിന്ന് നിർദ്ദേശമുണ്ടായത്.
ഡിഎ ശമ്പളത്തിന്റെ ഭാഗമായതിനാൽ, സംസ്ഥാന സർക്കാരിനു കീഴിലുള്ള ജീവനക്കാർക്ക് കുടിശിക ആയ ഡിഎ എപ്പോൾ നൽകുമെന്ന് സർക്കാർ ഉടൻ തീരുമാനിക്കണമെന്നും, ഡിഎ അരിയർ നൽകുന്നതിന് ആവശ്യമായ സമയം അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമെങ്കിലും എന്നു നൽകാൻ സാധിക്കുമെന്നുമുള്ള പ്രസ്താവന ഫയൽ ചെയ്യാൻ രണ്ടാം കക്ഷിയായ ധനകാര്യ അഡീഷണൽ സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു.
നിലവിൽ ആറ് ഗഡു ക്ഷാമബത്തയാണ് കുടിശിക. 2021ലെ ക്ഷാമബത്ത മാത്രമാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. 2021 ജനുവരിയിൽ രണ്ട് ശതമാനം ജൂലൈയിലെ മൂന്ന് ശതമാനം എന്നിങ്ങനെ അഞ്ച് ശതമാനം ക്ഷാമബത്തയാണ് കെ.എൻ. ബാലഗോപാൽ ധനമന്ത്രിയായതിന് ശേഷം അനുവദിച്ചത്. എന്നാൽ ഇതിന്റെ കുടിശിക ജീവനക്കാർക്ക് നിഷേധിച്ചു. 2022 ജനുവരിയിലെ ക്ഷാമബത്ത മെയ് മാസം വാങ്ങിക്കുന്ന ശമ്പളത്തിൽ നൽകുമെന്ന് ധനവകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. പക്ഷേ അതിലും കുടിശിക നിഷേധിച്ചിരിക്കുകയാണ്. ഇങ്ങനെ 118 മാസത്തെ കുടിശികയാണ് ജീവനക്കാരുടേത് ആവിയായത്.
അഡ്മിനിസിട്രേറ്റീവ് ട്രൈബ്യൂണൽ വിധിയോടെ കുടിശികയായ ക്ഷാമബത്ത എപ്പോൾ നൽകുമെന്ന് സർക്കാരിന് വ്യക്തമാക്കേണ്ടി വരും. വിധിയെ വളരെ പ്രതീക്ഷയെടോയാണ് സർക്കാർ ജീവനക്കാർ സ്വാഗതം ചെയ്തിരിക്കുന്നത്.