
‘ജലവിഭവ വകുപ്പിന് കീഴിലെ ഡാമുകളിൽ ബഫർസോൺ നടപ്പാക്കില്ല’; അടിയന്തര പ്രമേയത്തെ തുടർന്ന് മന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം: ജലവിഭവ വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ഡാമുകൾക്ക് ചുറ്റും ബഫർ സോൺ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം പിൻവലിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
ജലവിഭവ വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ഡാമുകൾക്ക് ചുറ്റും ബഫർ സോൺ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചത്.
പരമാവധി ജലനിരപ്പിൽ നിന്നും കരയുടെ ഭാഗത്തേക്ക് 20 മീറ്റർ വരെയുള്ള പ്രദേശം ബഫർ സോണായി പ്രഖ്യാപിക്കുകയും ഇതിന് പുറത്തുള്ള 100 മീറ്റർ ചുറ്റളവിലെ നിർമ്മാണത്തിന് ജലസേചന വകുപ്പിൻ്റെ എൻ.ഒ.സി നിർദ്ദേശിക്കുന്നതുമായിരുന്നു വിവാദ ഉത്തരവ്. യു.ഡി.എഫിൻ്റെ മലയോര ജാഥയിൽ ഏറ്റവും കൂടുതൽ പരാതി ലഭിച്ചതും ഈ വിഷയത്തിലായിരുന്നു.
ഈ വിഷയത്തിലായിരുന്നു ഇന്നത്തെ അടിയന്തര പ്രേമേയ നോട്ടീസ്. പ്രതിപക്ഷത്തിൻ്റെ കടുത്ത സമ്മർദ്ദത്തിന് ഒടുവിൽ 2024 ഡിസംബർ 26 ലെ വിവാദ ഉത്തരവ് പിൻവലിക്കുമെന്ന് ജലവിഭവ മന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു.
ഡാമുകൾക്ക് സമീപം താമസിക്കുന്ന ആയിരകണക്കിന് കുടുംബങ്ങളുടെ ആശങ്കയാണ് ഈ തീരുമാനത്തിലൂടെ ഇല്ലാതായത്. പ്രതിപക്ഷ വാദങ്ങൾ അംഗീകരിച്ച് സർക്കാർ തെറ്റ് തിരുത്താൻ തയ്യാറായി. അടിയന്തര പ്രമേയ നോട്ടീസിൻ്റെ ഗൗരവം ഉൾക്കൊണ്ട് സർക്കാർ ഉത്തരവ് പിൻവലിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകുന്ന അപൂർവതയ്ക്ക് കൂടിയാണ് ഇന്ന് നിയമസഭ സാക്ഷ്യം വഹിച്ചത്.