
വിദേശത്തുള്ള സർവീസ് പെൻഷൻകാർ മസ്റ്ററിംഗിന് എന്ത് ചെയ്യണം? കെ.എൻ. ബാലഗോപാലിന്റെ മറുപടി ഇങ്ങനെ
പെൻഷൻ ലഭിക്കണമെങ്കിൽ ഓരോ വർഷവും മസ്റ്ററിംഗ് ചെയ്യണം. വിദേശ രാജ്യങ്ങളിലുള്ള സർവീസ് പെൻഷൻകാർക്ക് ഇത് പ്രായോഗികമായി ചില ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുമുണ്ട്.
വിദേശ രാജ്യങ്ങളിലിരിക്കുന്ന പെൻഷൻകാരുടെ മസ്റ്ററിംഗ് സംബന്ധിച്ച് ഡോ . എം.കെ. മുനിർ നിയമസഭയിൽ ഈ മാസം 4 ന് ചോദ്യം ഉന്നയിച്ചിരുന്നു. വിദേശ രാജ്യങ്ങളിലുള്ള സർവീസ് പെൻഷൻകാർക്ക് മസ്റ്ററിംഗ് ചെയ്യുന്നതിന് എന്തെല്ലാം സംവിധാനങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്നായിരുന്നു എം. കെ. മുനിറിൻ്റെ ചോദ്യം.
കെ.എൻ. ബാലഗോപാലിൻ്റെ മറുപടി ഇങ്ങനെ ” കേരള ട്രഷറി കോഡ് വോള്യം 1 റൂൾ 280(a) പ്രകാരം ഇന്ത്യയിൽ സ്ഥിര താമസമല്ലാത്ത ഒരു പെൻഷണർ ചുമതലപ്പെടുത്തിയ ഏജൻ്റ് ഹാജരാക്കുന്ന മജിസ്ട്രേറ്റ്, നോട്ടറി, നയതന്ത്ര പ്രതിനിധി എന്നിവർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റോ, ബയോമെട്രിക്ക് സംവിധാനം വഴിയോ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാവുന്നതാണ്.
ഗസറ്റഡ് ഉദ്യോഗസ്ഥർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റിൻറെ അടിസ്ഥാനത്തിൽ മസ്റ്ററിംഗ് നടത്തുന്നതിന് എന്തെങ്കിലും നിയമ തടസ്സമുണ്ടോ എന്ന ചോദ്യത്തിന്: കെ എസ് ആർ ഭാഗം III ചട്ടം 128(b) പ്രകാരം, ഗസറ്റഡ് ഉദ്യോഗസ്ഥൻ / ഉദ്യോഗസ്ഥ, വില്ലേജ് ഓഫീസർ, സബ് രജിസ്ട്രാർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മസ്റ്ററിംഗ് നടത്താവുന്നതാണെന്നും ധനമന്ത്രി നിയമസഭാ മറുപടിയില്‍ വ്യക്തമാക്കി