CricketIPLSports

ടോസ് നേടിയ സഞ്ജു ഫീൽഡിങ് തെരഞ്ഞെടുത്തു; ഗുജറാത്തിനെ ബാറ്റിങിന് അയച്ചതിന് കാരണം | IPL 2025 RR Vs GT

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ – ഗുജറാത്ത് പോരാട്ടത്തിന് തുടക്കമായി. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ ഗുജറാത്തിനെ ബാറ്റിംഗിന് അയച്ചു. രണ്ടാം ഇന്നിങ്‌സിൽ മഞ്ഞ് വീഴ്ച്ച പ്രതീക്ഷിച്ച് ബാറ്റിംഗിന് അനുകൂലമാകുമെന്ന കരുതലിലാണ് സഞ്ജു ഗുജറാത്തിനെ ബാറ്റിംഗിന് അയച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്നും കളിച്ച ഹസരംഗക്ക് പകരം ഫറൂക്കിയെ രാജസ്ഥാൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസ് കഴിഞ്ഞ മത്സരത്തിലെ അതേ സ്‌ക്വാഡിനെ തന്നെയാണ് നിലനിർത്തിയിരിക്കുന്നത്.

മികച്ച വിജയങ്ങളുമായി മുന്നേറുന്ന ഗുജറാത്ത് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്, കഴിഞ്ഞ മൽസരത്തിലെ വിജയത്തോടെ ആറാം സ്ഥാനത്തേക്ക് രാജസ്ഥാൻ മുന്നേറിയിരുന്നു. ഈ സീസണിൽ നായക സ്ഥാനത്തേക്ക് കഴിഞ്ഞ മൽസരത്തിൽ തിരിച്ചെത്തിയ സഞ്ജു സാംസൺ വിജയത്തോടെയാണ് തുടങ്ങിയത്.
ഈ സീസണിലെ ആദ്യ മൽസരങ്ങളിൽ താളം കണ്ടെത്താനാകാത്ത ജോഫ്ര ആർച്ചർ കഴിഞ്ഞ മൽസരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചത് രാജസ്ഥാന് ആശ്വാസമേകുന്നുണ്ട്.

മുൻനിര ബാറ്റർമാരായ യശ്വസ്സി ജയ്‌സ്വാൾ, സഞ്ജു സാംസൺ, റയാൻ പരാഗ് എന്നിവർ മികച്ച ബാറ്റിംഗ് പ്രകടനമാണ് അവസാന മൽസരത്തിൽ പഞ്ചാബിനെതിരെ നടത്തിയത്. മധ്യനിരയിൽ നിധീഷ് റാണാ, ഹെറ്റ്മയർ, ധ്രൂവ് ജുറേൽ എന്നിവരും ഈ സീസണിൽ നല്ല രീതിയിൽ ബാറ്റു ചെയ്യുന്നുണ്ട്. സഞ്ജു സാംസൺ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിനു ശേഷം രാജസ്ഥാൻ റോയൽസ് മൽസരങ്ങളെ നേരിടുന്ന രീതിയിൽത്തന്നെ പ്രത്യേക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, പ്രത്യേകിച്ച് ബോളിംഗ് റൊട്ടേഷനിൽ.

ട്വന്റി 20 മൽസരങ്ങളിൽ വ്യക്തമായ രീതിയിൽ ബോളർമാരെ ഉപയോഗിച്ചാൽ മാത്രമേ മികച്ച ഒരു ഫലം ലഭിക്കുകയുള്ളൂ, അതു ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ് ഒരു നായകന്റെ പ്രധാന കർത്തവ്യം. ഈ കാര്യങ്ങൾ സഞ്ജുവിന് നടപ്പിലാക്കാൻ കഴിയുന്നു എന്നതാണ് രാജസ്ഥാൻ റോയൽസിന്റെ പ്രധാന ഘടകം. പഞ്ചാബിനെതിരെ കഴിഞ്ഞ മൽസരത്തിൽ അവരുടെ ഒൻപത് ബാറ്റർമാരെ പുറത്താക്കാൻ കഴിഞ്ഞത് ഇതിനു ഒരു ഉദാഹരണമാണ്.

പതിനെട്ടാം സീസൺ ഐപിഎല്ലിൽ തങ്ങളുടെ ആദ്യ മൽസരം തോറ്റു തുടങ്ങിയ ഗുജറാത്ത് റ്റൈൻസ് അതിനുശേഷം വിജയങ്ങൾ മാത്രമാണ് നേടിയത്. നാലു മൽസരങ്ങളിൽ മൂന്നിലും വിജയിച്ച് ടേബിൾ ടോപ്പിൽ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. മെഗതാരലേലത്തിൽ രാജസ്ഥാൻ കൈവിട്ടുകളഞ്ഞ സൂപ്പർ താരം ജോസ് ബട്ട്‌ലറിനെ സ്വന്തമാക്കിയത് ഗുജറാത്ത് ടൈറ്റൻസാണ്. ഇന്ന് രാജസ്ഥാനെതിരെ മുൻതാരത്തിന്റെ പ്രകടനം ആരാധകർ നിരീക്ഷിക്കുന്നുണ്ട് ഏഴു സീസണുകൾ രാജസ്ഥാനു വേണ്ടി കളിച്ച ജോസ് ബട്‌ലർ 3000 നു മുകളിൽ റൺസുകൾ നേടിയിട്ടുണ്ട്. മിസ്റ്ററി ലെഗ് സ്പിന്നർ റാഷിദ് ഖാൻ കൂടുതൽ റൺസ് വഴങ്ങുന്നതും വിക്കറ്റുകൾ നേടാൻ കഴിയാത്തതും ഗുജറാത്തിന് ആശങ്കയാണ്.