
അറിയില്ലായിരുന്നു അത് ആമിർഖാന്റെ സഹോദരിയാണെന്ന്: എമ്പുരാനിലെ സുഭദ്രബെന്നിനെ കുറിച്ച് പൃഥ്വിരാജ് സുകുമാരൻ
L2E എമ്പുരാൻ മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. മോഹൻലാൽ – പൃഥ്വിരാജ് സുകുമാരൻ കൂട്ടുകെട്ട് സൃഷ്ടിച്ചിരിക്കുന്നത് അത്രത്തോളം വിജയ പ്രതീക്ഷകളാണ്. ചിത്രത്തിലെ ഓരോ ക്യാരക്റ്ററുകളെക്കുറിച്ചുമുള്ള ചർച്ചകളും സോഷ്യൽ മീഡിയകളിൽ സജീവമാണ്. അതിൽ നിഖത് എന്ന പേരും മറ്റുള്ളവർക്കൊപ്പം ചർച്ചയാവുകയാണ്.
മുംബൈയിൽ നടന്ന ട്രെയിലർ ലോഞ്ചിനിടെ നിഖത്തിനെക്കുറിച്ച് പൃഥ്വിരാജ് സംസാരിക്കുകയും ചെയ്തു. നിഖത് ആമിർ ഖാന്റെ സഹോദരിയാണെന്ന് കാസ്റ്റിങ് സമയത്ത് അറിയില്ലായിരുന്നുവെന്നാണ് പൃഥ്വി പറഞ്ഞത്. ‘ഓഡിഷൻ കഴിഞ്ഞശേഷം അവരെ ഇഷ്ടപ്പെട്ടെന്ന് ഞാൻ കാസ്റ്റിങ് ഡയറക്ടറോട് പറഞ്ഞു. കാസ്റ്റിങ് ഡയറക്ടറുടെ മറുപടി ഇങ്ങനെയായിരുന്നു, ‘അതേ, അവർ ഗംഭീരനടിയാണ്. ആമിർ ഖാന്റെ സഹോദരിയുമാണ്. ഞാൻ ഞെട്ടിപ്പോയി. ഉടനെ തന്നെ ആമിർ സാറിനെ വിളിച്ചു. പിന്നീട് ആമിർ സാർ എനിക്ക് മെസേജ് അയച്ചു, ‘എന്റെ സഹോദരി സിനിമയിൽ നന്നായിട്ടുണ്ടോ’ എന്ന് ചോദിച്ചുകൊണ്ട്. ഗംഭീരമായിരുന്നുവെന്ന് ഞാൻ മറുപടിയും പറഞ്ഞു”. ‘എമ്പുരാനി’ൽ സുഭദ്ര ബെൻ എന്ന കഥാപാത്രത്തെയാണ് നിഖത് അവതരിപ്പിക്കുന്നത്.
57-ാമത്തെ വയസ്സിലാണ് അവർ അഭിനയത്തിലേക്ക് കടക്കുന്നത്. പക്ഷേ, ആമിറിന്റെ സഹോദരിയാണെന്നത് പലർക്കുമറിയില്ല. അതിനെക്കുറിച്ച് ഒരിക്കൽ ആമിർ പറഞ്ഞതിങ്ങനെ, ”ടെലിവിഷനിൽ ചെറിയ റോളുകൾ ചെയ്യുന്നുണ്ട് എന്റെ സഹോദരി. പക്ഷേ എന്റെ സഹോദരിയാണെന്ന് ആർക്കുമറിയില്ല. കാസ്റ്റിങ് ഡയറക്ടർമാർക്കുപോലും ഇക്കാര്യമറിയില്ല”.
പത്താനിൽ മാത്രമല്ല, മിഷൻ മംഗൾ, സാണ്ഡ് കീ ആംഖ് തുടങ്ങിയ സിനിമകളിലും അവർ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘തൻഹാജി’ എന്ന സിനിമയിൽ സെയ്ഫ് അലി ഖാന്റെ അമ്മയായിട്ടാണ് നിഖത് അഭിനയിച്ചത്. ആക്സിസ് ബാങ്ക്, ആമസോൺ, ഹൽദിറാം, വിപ്രോ ലൈറ്റ്സ്, ഇന്ത്യാബുൾസ്, ഹെഡ് ആന്റ് ഷോൾഡേഴ്സ് തുടങ്ങിയവയുടെ പരസ്യങ്ങൾക്കായി മോഡലായിട്ടുണ്ട്. ‘ലഗാൻ’ ഉൾപ്പെടെ അഞ്ചുസിനിമകൾ നിർമിക്കുകയും ചെയ്തു.
നിഗൂഢമായ സ്റ്റീഫൻ നെടുമ്പള്ളി എന്ന ഖുറേഷി അബ്രാം എന്ന പേരിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ആസൂത്രിത ട്രൈലോജിയുടെ രണ്ടാം ഭാഗമാണ് ഘ2 എമ്പുരാൻ. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, മഞ്ജു വാര്യർ, അഭിമന്യു സിംഗ്, എറിക് എബൗനി, ജെറോം ഫ്‌ലിൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും അഭിനയിക്കുന്നു.