NationalNews

Youtube നോക്കി സ്വയം ഓപ്പറേഷൻ ചെയ്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി

വയറുവേദന സഹിക്കാനാകാതെ സ്വയം ശസ്ത്രക്രിയ നടത്തി 32 വയസ്സുകാരൻ. ഉത്തർപ്രദേശിലെ സുൻരാഖ് ഗ്രാമവാസിയായ രാജാ ബാബുവാണ് ഇത്തരമൊരു കടുംകൈ ചെയ്തത്. യൂട്യൂബ് ട്യൂട്ടോറിയലുകൾ നോക്കി ശസ്ത്രക്രിയ നടത്തി 11 സ്റ്റിച്ചുമിട്ടു. എന്നാൽ, ഇതോടെ ഇയാളുടെ ആരോഗ്യനില വഷളാവുകയായിരുന്നു.

ഓപ്പറേഷനായി അദ്ദേഹം ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് അനസ്‌തെറ്റിക് കുത്തിവയ്പ്പുകളും സർജിക്കൽ ബ്ലേഡുകളും മറ്റ് മെഡിക്കൽ സപ്ലൈകളും വാങ്ങിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വയറിൽ 11 തുന്നലുകൾ പോലും ഇട്ടു. നില വഷളായതോടെ ഇയാൾ വേദന കൊണ്ട് അലറാൻ തുടങ്ങുകയും വീട്ടുകാർ ഇയാളെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.

നിരവധി ആഴ്ചകളായി വയറ് വേദന കൊണ്ട് കഷ്ടപ്പെടുകയായിരുന്നു ഇയാൾ. നിരവധി തവണ ഡോക്ടറെ പോയി കണ്ടു. ആഴ്ചകളോളം മരുന്ന് കഴിച്ചു. എന്നാൽ വേദന മാറിയില്ല. ഇതിനെ തുടർന്നാണ് രാജാ ബാബു സ്വയം ചികിത്സയ്ക്ക് തയ്യാറായത്. 18 വർഷം മുമ്പ് രാജാ ബാബുവിന് അപ്പെൻഡിക്‌സിൻറെ ഒരു ശസ്ത്രക്രിയ ചെയ്തിരുന്നു.

ഡോക്ടർമാർ ചെയ്യുന്നതു പോലെ തന്നെ രാജ ബാബു കുത്തിവയ്പ്പിലൂടെ ശരീരം മരവിപ്പിച്ചിരുന്നു. തുടർന്ന് സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് വയറു മുറിച്ചു. തുടക്കത്തില് വേദന അനുഭവപ്പെട്ടില്ലെങ്കിലും മരുന്നിന്റെ ഫലം കുറഞ്ഞതോടെ വേദനകൊണ്ട് പുളയാന് തുടങ്ങി. നടപടിക്രമത്തിനിടെ വയറിൽ 11 തുന്നലുകൾ ഇട്ടിരുന്നു. എന്നിട്ടും വേദനയ്ക്ക് ആശ്വാസം കിട്ടാതെ അവൻ അലറിക്കരയാൻ തുടങ്ങി. ഇയാളുടെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തുകയും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

ഡോക്ടർമാർ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ നടത്തുകയായിരുന്നു. കൃത്യമായ അറിവില്ലാതെ ഇത്തരം നടപടികൾ സ്വീകരിക്കുന്നത് മാരകമായേക്കാമെന്ന് ഡോക്ടർമാർ പറയുന്നു. രാജ ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്.