
ലോകകപ്പ് യോഗ്യത മൽസരത്തിൽ അർജൻ്റിന നാളെ ഉറുഗ്വേയെ നേരിടും. പരിക്ക് പറ്റിയ മെസി ഇല്ലാതെ ആകും അർജൻ്റിന ഇറങ്ങുക. അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ ഇൻ്റർ മയാമിക്ക് വേണ്ടി കളിക്കുമ്പോഴാണ് മെസിക്ക് പരിക്കേറ്റത്.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 12 മത്സരങ്ങൾ കളിച്ച അർജന്റീന എട്ട് വിജയവും ഒരു സമനിലയും മൂന്ന് തോൽവിയും ഉൾപ്പെടെ 25 പോയിന്റുമായി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ പോയിന്റ് ടേബിളിൽ ഒന്നാമതാണ്.കൊളംബിയക്കെതിരെ ഇന്ന് ജയിച്ചതോടെ 21 പോയിൻ്റ് ഉള്ള ബ്രസീൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. അഞ്ചാം സ്ഥാനത്ത് നിന്നാണ് ഇന്നത്തെ ജയത്തോടെ ബ്രസീൽ രണ്ടാം സ്ഥാനത്ത് എത്തിയത്.
20 പോയിൻ്റ് ഉള്ള ഉറുഗ്വേ മൂന്നാം സ്ഥാനത്താണ്. അർജൻ്റിനയെ പരാജയപ്പെടുത്തിയാൽ ഉറുഗ്വേക്ക് ബ്രസീലിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്താം. ഉറുഗ്വേയുമായി അവസാനം ഏറ്റുമുട്ടിയ അഞ്ച് മൽസരങ്ങളിൽ 3 എണ്ണത്തിലും അർജൻ്റിനക്കായിരുന്നു ജയം. ഒരു മൽസരത്തിൽ ഉറുഗ്വേ ജയിച്ചു. ഒരെണ്ണം സമനിലയിലും കലാശിച്ചു.
പരിക്ക് പറ്റിയ മെസിയുടെ അഭാവത്തിൽ ജയിക്കാം എന്ന ആത്മവിശ്വാസത്തിലാണ് ഉറുഗ്വേ . പ്രത്യേകിച്ച് ഹോം ഗ്രൗണ്ടിൽ കളിക്കുന്നതിൻ്റെ ആനുകൂല്യവും ഉറുഗ്വേയ്ക്ക് ലഭിക്കും. മെസിയില്ലെങ്കിലും ജയിക്കാം എന്ന കാണിച്ച് കൊടുക്കേണ്ടത് അർജൻ്റിനയ്ക്കും ആവശ്യമാണ്. അതുകൊണ്ട് തന്നെ ലാറ്റിനമേരിക്കയിലെ 2 വമ്പൻ ടീമുകളായ അർജൻ്റിന ഉറുഗ്വേ മൽസരം ആവേശഭരിതമാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
പത്ത് ടീമുകളാണ് ലാറ്റിനമേരിക്കൻ മേഖലയിൽനിന്ന് അടുത്ത വർഷം അരങ്ങേറുന്ന ലോകകപ്പ് ടിക്കറ്റിനായി മൽസരിക്കുന്നത്.ഇതിൽ ആദ്യ ആറ് സ്ഥാനക്കാർ നേരിട്ട് യോഗ്യത നേടും. ഏഴാമതെത്തുന്ന സംഘം പ്ലേ ഓഫ് കളിക്കണം