Kerala Government News

ക്ഷാമബത്ത മൂന്ന് ശതമാനം അടുത്തമാസം; കുടിശിക നൽകില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏപ്രിൽ മുതൽ മൂന്ന് ശതമാനവും യുജിസി ബാധകമായവർക്ക് നാലുശതമാനവും ക്ഷാമബത്ത അനുവദിക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കുമെങ്കിലും കുടിശിക നൽകില്ല.

ഏപ്രിൽ മാസം വാങ്ങുന്ന പെൻഷൻ മുതലും ജീവനക്കാർക്ക് മെയിൽ കിട്ടുന്ന ഏപ്രിൽമാസത്തെ ശമ്പളം മുതലും ഇത് കിട്ടിത്തുടങ്ങും. ഇതിനായി മാസംതോറും 160 കോടി രൂപ അധികം വേണ്ടിവരും. ഈ ഉത്തരവ് തയ്യാറായിക്കഴിഞ്ഞു. പുതിയ ഗഡു ക്ഷാമബത്ത നൽകിക്കഴിഞ്ഞാൽ ഇനി 16 ശതമാനം ഡിഎ കുടിശികയുണ്ടാകും.

പി.എഫിൽ ലയിപ്പിച്ച നാല് ഗഡു ക്ഷാമബത്ത കുടിശികയിൽ രണ്ടുഗഡു പിൻവലിക്കാൻ അനുവദിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അക്കൗണ്ടന്റ് ജനറൽ ഇക്കാര്യത്തിൽ സാങ്കേതിക തടസ്സം ഉന്നയിച്ചു. നാല് ഗഡു ഒരുമിച്ചാണ് ലയിപ്പിച്ചത്.

ഓരോ ഗഡുവിലും എത്രരൂപയുണ്ടാകുമെന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണ്. അതിനാൽ രണ്ട് ഗഡുക്കാൾ മാത്രമായെടുക്കാൻ സാങ്കേതികമായി അനുവദിക്കാനാകില്ലെന്നാണ് അക്കൗണ്ടന്റ് ജനറൽ ചൂണ്ടിക്കാട്ടിയത്. ഈ പ്രശ്‌നം പരിഹരിക്കാനാണ് എത്ര ലയിപ്പിച്ചോ അതിന്റെ പകുതി പിൻവലിക്കാൻ ധനവകുപ്പ് അനുമതി നൽകിയത്.

മാസംതോറും 25 കോടി രൂപയുടെ അധിക ബാധ്യത ഇതിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നു.