CinemaSocial Media

‘മമ്മൂട്ടി പൂര്‍ണ ആരോഗ്യവാന്‍’; അഭ്യൂഹങ്ങള്‍ തള്ളി പിആര്‍ ടീം, ബ്രേക്കെടുക്കാന്‍ കാരണം ഇത്..

നടന്‍ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമം. മമ്മൂട്ടി പൂർണ്ണമായും സുഖമായിരിക്കുന്നുവെന്ന് നടനുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന വമ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് നീട്ടിയതോടെയാണ് ഇത്തരത്തിലുള്ള പ്രചരണം വ്യാപകമായത്. മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നം കാരണമാണ് ഷൂട്ടിംഗ് നീട്ടി വെച്ചത് എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം.

ഈ ഊഹാപോഹങ്ങൾ സത്യമല്ലെന്നും മമ്മൂട്ടി ആരോഗ്യവാനാണെന്നും റംസാൻ മാസം കാരണമാണ് അദ്ദേഹം തന്റെ തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് ഇടവേള എടുത്തതെന്നും വ്യക്തമാക്കുകയാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങുമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.