News

അതു വെറുമൊരു ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്, കണ്ടാല്‍ രാഷ്ട്രീയം ഒലിച്ചുപോകില്ല; നിർമലയുമായുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ക്കൊപ്പം ഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഗവര്‍ണര്‍ ഇട്ട പാലത്തിലൂടെ താന്‍ അങ്ങോട്ട് പോയതല്ലെന്നും രാഷ്ട്രീയമുള്ള രണ്ടുപേര്‍ കണ്ടുമുട്ടിയാല്‍ രാഷ്ട്രീയം ഉരുകിപ്പോകില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

ധനമന്ത്രി നിര്‍മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ച വലിയ സംഭവമാണെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. ഗവര്‍ണര്‍ ഡല്‍ഹിക്ക് പോയത് എംപിമാര്‍ക്ക് വിരുന്ന് നല്‍കാനാണ്. താന്‍ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു. യാദൃശ്ചികമായി വിമാനത്തില്‍ ഒരേ സീറ്റിലായിരുന്നു യാത്ര. ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഗവര്‍ണര്‍ വീണ്ടും വിരുന്നിന് ക്ഷണിച്ചു. എംപിമാരുടെ ആ പരിപാടിയില്‍ താനും പങ്കെടുത്തു. അവിടെവെച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഭാതഭക്ഷണത്തിന് വരുമെന്ന് ഗവര്‍ണറെ അറിയിക്കുകയും, അദ്ദേഹത്തെ ക്ഷണിക്കുകയുമായിരുന്നു. ഗവര്‍ണര്‍ അത് സ്വീകരിക്കുകയും രാവിലെ തന്നെ എത്തുകയും ചെയ്തു. അല്ലാതെ ഗവര്‍ണര്‍ ഇട്ട പാലത്തിലൂടെ താന്‍ അങ്ങോട്ട് പോയതല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

“എനിക്കും ഗവര്‍ണര്‍ക്കും ധനമന്ത്രിക്കും ഞങ്ങളുടേതായ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങള്‍ കണ്ടുമുട്ടിയാല്‍ രാഷ്ട്രീയം ഉരുകിപ്പോകില്ല. കേരളത്തിന്റെ പൊതുവായ ചില കാര്യങ്ങള്‍ സംസാരിച്ചതല്ലാതെ ഒരു നിവേദനം കൊടുക്കാനൊന്നും ഞങ്ങള്‍ പോയില്ല. അത് തികച്ചും സൗഹാര്‍ദ്ദപരമായ ഒരു ചര്‍ച്ചയായിരുന്നു. അതൊരു സാധാരണ പ്രഭാതഭക്ഷണ കൂടിക്കാഴ്ച മാത്രമായിരുന്നു,” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.