
ജനങ്ങൾ രണ്ട് പെൻഷൻ വാങ്ങരുത്! കെ.വി തോമസിന് എത്ര പെൻഷൻ വേണമെങ്കിലും വാങ്ങാം
- പിണറായി വിജയൻ്റെ ഇരട്ട നീതി ചർച്ചയാകുമ്പോൾ
ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവർക്ക് ക്ഷേമ പെൻഷൻ അനുവദിക്കാത്ത നാട്ടിൽ കെ.വി തോമസിന് ലഭിക്കുന്നത് 3 പെൻഷനുകൾ. എംഎൽഎ പെൻഷൻ , എം.പി പെൻഷൻ, കോളേജ് അധ്യാപക പെൻഷൻ എന്നീ 3 പെൻഷനാണ് കെ.വി. തോമസിന് ലഭിക്കുന്നത്.
3 പെൻഷനും കൂടി ഒരു മാസം ലഭിക്കുന്നത് 1.25 ലക്ഷമാണെന്ന് കെ.വി. തോമസ് ജി. സുധാകരന് എഴുതിയ കത്തിൽ വ്യക്തമാക്കിയിരുന്നു. 3 പെൻഷനും കൂടി ഒരു വർഷം പെൻഷൻ ഇനത്തിൽ മാത്രം 15 ലക്ഷം കെ.വി. തോമസിൻ്റെ പോക്കറ്റിലേക്ക് പോകും. സ്വന്തം പോക്കറ്റിൽ നിന്ന് അംശദായം അടച്ച ക്ഷേമനിധി പെൻഷൻകാർക്ക് ആകട്ടെ 3 മാസം മുതൽ 18 മാസമായി പെൻഷൻ കുടിശികയാണ്.
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ നിധി ബോർഡിൽ ആണ് ഏറ്റവും കൂടുതൽ പെൻഷൻ കുടിശിക. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങിക്കുന്നവർക്ക് ക്ഷേമ പെൻഷനും നൽകിയിരുന്നു.
പിണറായി മുഖ്യമന്ത്രിയായതോടെ ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർക്ക് ക്ഷേമ പെൻഷൻ വാങ്ങാൻ സാധിക്കില്ല എന്ന ഉത്തരവും ഇറക്കി.അതേ സമയം കെ.വി. തോമസിനെ പോലുള്ളവർക്ക് എത്ര പെൻഷൻ വേണമെങ്കിലും വാങ്ങാം. അതിന് യാതൊരു സാമ്പത്തിക പ്രതിസന്ധിയും ഇല്ല.രണ്ട് തരം നീതിയാണ് സർക്കാർ നടപ്പാക്കുന്നതെന്ന് വ്യക്തം.
15 ലക്ഷം വാർഷിക പെൻഷൻ കൂടാതെ 12 ലക്ഷം വാർഷിക ഓണറേറിയവും ഡൽഹിയിലെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ കെ.വി. തോമസിന് ലഭിക്കും.യാത്ര ബത്ത, മറ്റ് സൗകര്യങ്ങൾ എന്നീ ഇനത്തിൽ വേറെയും തുക കെ.വി തോമസിന് ലഭിക്കും.