News

അപ്രതീക്ഷിത സ്ഥലംമാറ്റത്തിൽ വലഞ്ഞ് ഹയർ സെക്കണ്ടറി അധ്യാപകർ

തിരുവനന്തപുരം: പൊതുപരീക്ഷ ജോലിക്കിടെ വന്ന അപ്രതീക്ഷിത സ്ഥലംമാറ്റ ഉത്തരവിൽ പ്രതിസന്ധിയിലായി ഹയർ സെക്കണ്ടറി അധ്യാപകർ. നടപ്പ് അധ്യയന വർഷത്തെ തസ്തിക നിർണയം നടത്താതെ കഴിഞ്ഞ വർഷത്തെ തസ്തിക നിർണയത്തിന്റെ അടിസ്ഥാനത്തിൽ തസ്തിതകകൾ നഷ്ടപ്പെട്ടു എന്ന പേരിൽ 207 അധ്യാപകരെയാണ് സ്ഥലംമാറ്റിയത്.

സ്ഥലംമാറ്റിയവരെ അതേ ജില്ലയിൽ തന്നെ സംരക്ഷിക്കാനായി അംഗീകൃത തസ്തികയിൽ ജോലി ചെയ്തിരുന്നവരിൽ ഔട്ട് സ്‌റ്റേഷൻ സർവീസ് ദൈർഘ്യം കുറഞ്ഞ 98 പേരെയും വിദൂര സ്ഥലങ്ങളിലേക്ക് മാറ്റി. 102 പേരെ വിദൂര ജില്ലകളിലേക്ക് മാറ്റിയിട്ടുണ്ട്. ഉടൻ ജോയിൻ ഇവർക്കുള്ള നിർദ്ദേശം. ജോയിൻ ചെയ്ത ശേഷം മുമ്പ് ജോലി ചെയ്ത സ്ഥലത്ത് തിരിച്ചെത്തി ബാക്കി വരുന്ന പരീക്ഷ ജോലി ചെയ്യണമെന്നും ഉത്തരവിലുണ്ട്.

മുന്നറിയിപ്പില്ലാതെയും ഓപ്ഷൻ വാങ്ങാതെയും മാറ്റപ്പെട്ട അധ്യാപകരിൽ പലരും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ചില വിഷയങ്ങളിലെ സ്ഥലംമാറ്റ നടപടികൾ ട്രൈബ്യൂണൽ ഇതിനകം തടയുകയും ചെയ്തിട്ടുണ്ട്. മറ്റ് വിഷയങ്ങളിലെ അധ്യാപകരും പരാതി നൽകിയിട്ടുള്ളതിനാൽ കൂടുതൽ വിഷയങ്ങളിലും നടപടി തടഞ്ഞേക്കും. ഈ പരാതികളിലെ തുടർവാദം നടക്കാനിരിക്കുകയാണ്.

അധികമായി വരുന്ന അധ്യാപകരുടെ സ്ഥലംമാറ്റം സാധാരണയായി പൊതുസ്ഥലംമാറ്റത്തോടൊപ്പമാണ് നടത്താറുള്ളത്. 2024-25 വർഷം പുതുതായി തസ്തിക നിർണയം നടത്തിയ ശേഷവും തസ്തിക നഷ്ടമാകുന്നവർക്ക്, ഓപ്ഷൻ നൽകി സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് മാറാനുള്ള അവസരം ലഭ്യമാകുന്ന തരത്തിൽ പൊതുസ്ഥലംമാറ്റത്തോടൊപ്പമേ അധികം വരുന്ന അധ്യാപകരെ മാറ്റാവൂ എന്ന് ഹയർ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കോടതി ഇടപെടലുകളിലൂടെ ഇനി നടക്കാനിരിക്കുന്ന പൊതുസ്ഥലംമാറ്റത്തെ അനിശ്ചിതത്വത്തിലാക്കുന്നതിന് കളമൊരുക്കുന്നതാണ് അനവസരത്തിലുള്ള സ്ഥലംമാറ്റമെന്നാണ് ആക്ഷേപം.