Kerala Government News

ശാരദ മുരളീധരൻ വിരമിക്കുന്നു! ഡോ. എ. ജയതിലക് ചീഫ് സെക്രട്ടറിയാകും; IAS പോര് കടുക്കും!

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വിരമിക്കുന്നു. ഏപ്രിൽ 30 നാണ് ഇവർ വിരമിക്കുന്നത്. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറി ആകും.

കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള മനോജ് ജോഷി കേരളത്തിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്നാണ് വേണുവും പിന്നാലെ ശാരദയും ചീഫ് സെക്രട്ടറി ആയത്. ജയതിലകിന് തുണയാകുന്നതും മനോജ് ജോഷിയുടെ താൽപര്യമില്ലായ്മ തന്നെയാണ്.

എന്‍ പ്രശാന്ത്, ബി അശോക് കുമാർ ഉള്‍പ്പെടെയുള്ള ഐഎഎസുകാരുടെ പോരില്‍ ഒരുഭാഗത്തുള്ള ഡോ. ജയതിലക് ചീഫ് സെക്രട്ടറിയാകുന്നത് സംസ്ഥാനത്തെ ഉദ്യോഗസ്ഥ ഭരണത്തെ എങ്ങനെ ബാധിക്കുമെന്നതും ശ്രദ്ധേയമാണ്.

വിരമിക്കുന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന് സർക്കാർ തലത്തിൽ പുതിയ ലാവണം മുഖ്യമന്ത്രി ഒരുക്കും. തദ്ദേശ കമ്മീഷൻ, മാലിന്യ നിർമ്മാർജനം എന്നിവിടങ്ങളിലാണ് ശാരദയെ പരിഗണിക്കുന്നത്. ശാരദയുടെ ഭർത്താവും മുൻ ചീഫ് സെക്രട്ടറിയും ആയ വേണുവിന് കൊച്ചി ബിനാലെയുടെ ചുമതലയാണ് വിരമിച്ചതിന് ശേഷം ലഭിച്ചത്.

വിരമിച്ച ഐഎഎസുകാർ പുനർ നിയമനം നൽകുന്നതിൽ പിശുക്ക് കാണിക്കാത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. 2018 ൽ വിരമിച്ച കെഎം എബ്രഹാം ഇപ്പോഴും ശമ്പളവും പെൻഷനും അടക്കം വാങ്ങിച്ച് സർക്കാരിന്റെ ഉന്നതങ്ങളിൽ വാഴുന്നു. ശമ്പളവും പെൻഷനും ഒരുമിച്ച് വാങ്ങിക്കുന്ന മറ്റൊരു പ്രമുഖനാണ് മുൻ ചീഫ് സെക്രട്ടറി വി.പി. ജോയി .

ചീഫ് സെക്രട്ടറിയായി വിരമിച്ചെങ്കിലും സർക്കാരിനെ ശമ്പളം ഇല്ലാതെ സേവിക്കുന്ന ഒരു ചീഫ് സെക്രട്ടറി ഉണ്ട്. എസ് എം വിജയനാന്ദ് ആണ് ആ ചീഫ് സെക്രട്ടറി. ഒരു രൂപ പോലും ശമ്പളം വാങ്ങാതെയാണ് സി.എം. ഡി യുടെ തലപ്പത്ത് വിജയാനന്ദ് ജോലി ചെയ്യുന്നത്.